സുനറ്റ് പത്തനാപുരം
പത്തനാപുരം: ഡ്രൈവര്‍ സണ്ണി ഇപ്പോഴും ഞെട്ടലിലാണ്.കെവിന്റെ കൊലപാതകത്തിലെ പ്രധാന പ്രതിയായ ഷാനു ചാക്കോ തിരുവനന്തപുരത്തേക്ക് കടന്നത് തന്റെ കാറിലാണെന്ന് വിശ്വസിക്കാൻ സണ്ണിക്ക് ഇപ്പോഴും കഴിയുന്നില്ല.പത്തനാപുരത്തെ ടാക്സി സ്റ്റാന്റിലെ ഡ്രൈവറായ പാതിരിക്കല്‍ സ്വദേശി സണ്ണിയുടെ കെ. എൽ 23 ബി 504 നമ്പർ ഡിസയർ കാറിലാണ് ക്രൂര കൃത്യത്തിനുശേഷം ഷാനു തിരുവനന്തപുരത്തേക്ക് പോയത്.
കഴിഞ്ഞ ദിവസം തെന്മല പോലീസ് കസ്റ്റഡിയിൽ എടുത്ത ഇന്നോവയിലാണ് ഷാനു പത്തനാപുരത്ത് എത്തിയത്. ഷർട്ടും കൈലിയുമായിരുന്നു വേഷം.തിരുവനന്തപുരം വരെ ഓട്ടം പോകണമെന്ന് സണ്ണിയോട് പറഞ്ഞു. പുനലൂർ അഞ്ചൽ വഴിയാണ് തിരുവനന്തപുരത്തേക്ക് പോയത്. പോകുന്നതിനിടെ നെല്ലിപ്പള്ളിയിൽ വണ്ടി നിർത്താൻ പറഞ്ഞു.
ഈ സമയം ഒരാൾ ഹാൻഡ് ബാഗ് ഷാനുവിന് നൽകി. തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് അയാളോട് ഷാനു പറഞ്ഞുവത്രേ. പുനലൂർ കഴിഞ്ഞപ്പോൾ വീട് എവിടാണെന്ന് ഷാനുവിനോട് ചോദിച്ചപ്പോൾ ഉറകുന്നിലാണെന്ന് മറുപടി പറഞ്ഞു. എന്തേ ഈ വേഷത്തിലെന്ന് ചോദിച്ചപ്പോൾ തിരുവനന്തപുരത്ത് വീട്ടിൽ പോയി വേഷം മാറ്റും എന്നു പറഞ്ഞു.
ജോലി എവിടെയാണ് എന്ന ചോദ്യത്തിന് ദുബായിലാണെന്നും പറഞ്ഞു. തുടർന്ന് ചോദ്യം ചോദിക്കുന്നതിന് മുൻപ് തന്നെ ഒന്ന് ഉറങ്ങിക്കോട്ടെ എന്ന് സണ്ണിയോട് പറഞ്ഞു.യാത്രക്കിടയിൽ ഉറക്കത്തിൽ നിന്ന് ഉണർന്നു ഫോൺ വിളിക്കുന്നുണ്ടായിരുന്നു. കാറിലിരുന്ന് ഓണ്‍ലൈന്‍ വഴി ഫ്ളൈറ്റ് ടിക്കറ്റിന് അപേക്ഷിച്ചെങ്കിലും പാസ്പോര്‍ട്ട് കൈയിൽ ഇല്ലാത്തതിനാല്‍ അത് നടന്നില്ല.
വെഞ്ഞാറുംമൂട് പമ്പിൽ നിന്നും പൊട്രോള്‍ അടിക്കാന്‍ എറ്റിഎം കാര്‍ഡ് വഴി പണം നല്കിയതും ഷാനുവാണ്. തുടർന്ന് പേരൂർക്കടയിൽ എത്തിയപ്പോൾ ചുറ്റുപാടും നോക്കിയ ശേഷം ടാക്സി നിർത്താൻ പറഞ്ഞു. ബാക്കി ടാക്സി ചാർജായ 1200രൂപ നൽകിയ ശേഷം ഷാനു അവിടെ ഇറങ്ങിയതായും സണ്ണി പറഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് യാതൊരു ഭാവഭേദവും തോന്നിയിരുന്നില്ല.
പിന്നീട് പത്രങ്ങളിലൂടെ ഫോട്ടോ കണ്ടപ്പോഴാണ് കെവിൻ വധക്കേസിലെ മുഖ്യപ്രതിയായ ഷാനുവിനേയാണ് താന്‍ കാറിൽ കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞതെന്നും സണ്ണി പറഞ്ഞു.