തിരുവനന്തപുരം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ എഎസ്ഐ ബിജുവിനെ സസ്പെൻഡ് ചെയ്തു. കേസ് അന്വേഷണം അട്ടിമറിച്ചത് ബിജുവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രാത്രിയിൽ ബിജുവിനൊപ്പം പട്രോളിംഗിനുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറെയും സസ്പെൻഡ് ചെയ്തു.
ഷാനുവിനെ ശനിയാഴ്ച രാത്രിയിൽ പട്രോളിംഗിനിടെ എഎസ്ഐ പിടികൂടിയിരുന്നു. ദുരൂഹ സാഹചര്യത്തിൽ കാറിൽ ചെറുപ്പക്കാരെ കണ്ടതിനെ തുടർന്നാണ് പിടികൂടിയത്. ഇവരെ ഒന്നര മണിക്കൂറോളം ബിജു തടഞ്ഞുവച്ചതിനു ശേഷം വിട്ടയച്ചു. കൈക്കൂലി വാങ്ങിയാണ് ഷാനുവിനെയും സംഘത്തെയും വിട്ടയച്ചതെന്നാണ് വിവരം. സംഭവം ഉന്നത ഉദ്യോഗസ്ഥരെ ബിജു അറിയിക്കുകയും ചെയ്തില്ല.