കോട്ടയം: സവര്‍ണമനോഭാവമാണ് കെവിന്റെ വധശിക്ഷ നടപ്പിലാക്കിയതെന്ന് ധനമന്ത്രി തോമസ് ഐസക്. നവോത്ഥാനകേരളത്തിന്റെ ശിരസിലേറ്റ ശാപമാണ് നീനുവിന്റെ കണ്ണീരെന്നും അദ്ദേഹം പറഞ്ഞു.
ജാതിയ്ക്കും മതത്തിനുമതീതമായി ജീവിക്കാനെടുത്ത തീരുമാനത്തിൻ രക്തസാക്ഷികളാണ് കെവിനും നീനുവും. സവര്‍ണമനോഭാവമാണ് ഈ വധശിക്ഷ നടപ്പിലാക്കിയത്. അതിനു പോലീസില്‍ നിന്ന് ലഭിച്ച ഒത്താശ നല്കുന്ന സൂചന അപകടകരം തന്നെയാണെന്നും തോമസ് ഐസക് പറഞ്ഞു.
എസ്ഐയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപം മുഖ്യമന്ത്രിയെ അടിക്കാനുള്ള വടിയാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. അത് അനീതിയാണ്. പാർട്ടി സെക്രട്ടറിയെന്ന നിലയില്‍ ഒന്നര ദശകത്തോളം മാധ്യമങ്ങള്‍ നടത്തിയ വേട്ടയാടലിന്റെ തുടര്‍ച്ചയുമാണ്. അന്നത്തെ അപവാദങ്ങളുടയെും ഉപജാപത്തിന്റെയും കഥകള്‍ ഓർമയുള്ളവര്ക്കൊന്നും മാധ്യമങ്ങളുടെ അജണ്ടയ്ക്കു കീഴടങ്ങാനാവില്ലെന്നും ഐസക് ഫേസ്ബുക്കിൽ പറഞ്ഞു.