കോട്ടയം: കെവിന്റെ കൊലപാതകം ആസൂത്രിതമെന്ന് പിതാവ് രാജു ആരോപിച്ചു. ഏതാനും ദിവസങ്ങളിലായി അക്രമി സംഘം കോട്ടയത്തും പരിസരത്തും കറങ്ങുകയായിരുന്നു.
കെവിനും നീനുവും രജിസ്റ്റർ വിവാഹത്തിന് അപേക്ഷ നല്കിയ ദിവസം കെവിന്റെ വീടിന്റെ പരിസരത്ത് പരിചയമില്ലാത്ത കാറുകൾ കറങ്ങുന്നുണ്ടായിരുന്നു. നീനുവിന്റെ പിതാവ് തന്റെ വീട്ടിലെത്തി നീനുവിനെ കാണണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ നീനു എവിടെയാണെന്ന് തനിക്കറിയില്ലന്നു പറഞ്ഞു. ഏതോ ഹോസ്റ്റലിലാണെന്നും പറഞ്ഞു. അമ്മ കാറിലിരിപ്പുണ്ടായിരുന്നു.
ഇവർ വന്ന കാർ പിന്നീട് പല തവണ വീടിന്റെ പരിസരങ്ങളിൽ എത്തിയിരുന്നു. ആസൂത്രിതമായ ഒരു കൊലയായിരുന്നു എന്ന കാര്യത്തിൽ സംശയമില്ലെന്നും രാജു ആരോപിക്കുന്നു.