കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ ആളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് വീടിന്റെ താക്കോൽ. ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവശ്യയിൽ താമസിക്കുന്ന 26 വയസുകാരനായ യുവാവാണ് കാണാതായ വീടിന്റെ താക്കോൽ തന്റെ തന്നെ വയറ്റിൽ നിന്നും കണ്ടെത്തിയത്.
സംഭവ ദിവസം ഇദ്ദേഹം തന്റെ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നു. അതിനു ശേഷം വീട്ടിലെത്തിയ ഇയാളുടെ പക്കൽ വീടിന്റെ താക്കോൽ ഇല്ലായിരുന്നു. മദ്യലഹരിയിലായിരുന്നതിനാൽ താക്കോൽ കണ്ടെത്താൻ ശ്രമിക്കാതെ ഇയാൾ മറ്റൊരാളുടെ സഹായത്തോടെ വീടിനുള്ളിൽ കയറിയതിനു ശേഷം പോയി കിടന്നുറങ്ങി.
പിറ്റേ ദിവസം മദ്യ ലഹരി പോയപ്പോൾ ഇദ്ദേഹത്തിന് കടുത്ത നെഞ്ച്വേദന അനുഭവപ്പെട്ടു. ഉടൻ തന്നെ ഇദ്ദേഹം ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുകയും ചെയ്തു.
തുടർന്ന് ഇദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ അമ്പരന്നു പോയി. കാരണം എക്സ്റേ നോക്കിയപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിനുള്ളിൽ കണ്ടത് ഒരു താക്കോലായിരുന്നു. ഡോക്ടർമാർ ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ വീടിന്റെ താക്കോൽ കാണാതെ പോയിരുന്നുവെന്നും എന്നാൽ അത് എങ്ങനെ ശരീരത്തിനുള്ളിലെത്തിയതെന്ന് അറിയാതെ അദ്ദേഹം കുഴങ്ങി.
തുടർന്ന് ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഡോക്ടർമാർക്ക് ഈ താക്കോൽ അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും പുറത്തെടുക്കുവാൻ സാധിച്ചത്. താക്കോൽ വിഴുങ്ങിയത് ഓർക്കുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. എന്തായാലും ചൈനീസ് മാധ്യമങ്ങളിൽ നിരവധി ചർച്ചകൾക്കാണ് ഈ സംഭവം വഴിവച്ചത്.