കംപ്യൂട്ടറെന്നാൽ മോണിറ്ററും കീബോർഡുമാണെന്നു ധരിച്ചിരുന്ന ഒട്ടേറെപ്പേരുണ്ട്. തുടക്കകാലത്ത് സിപിയു മേണിറ്ററിനു കീഴിലിരിക്കുന്ന ഒരു സ്റ്റാൻഡിന്റെ രൂപത്തിലായിരുന്നു.
പിന്നീടതു പുറമേക്കു കാണാത്ത രീതിയിൽ മേശയ്ക്കുള്ളിലേക്കു മാറി. കംപ്യൂട്ടറിനു പലവിധ രൂപങ്ങൾ പിൽക്കാലത്തു വന്നെങ്കിലും കീബോർഡും മോണിറ്ററും മനസിൽ എന്നും തെളിഞ്ഞുനിന്നു.
റാസ്പ്ബെറി പൈ പോലെ കൈവെള്ളയിൽ ഒതുങ്ങുന്ന കുഞ്ഞൻ കംപ്യൂട്ടറുകൾ പോലുമുണ്ട് ഇന്ന്.ഇപ്പോഴിതാ കംപ്യൂട്ടറിനു പുതിയൊരു രൂപം കൊണ്ടുവരികയാണ് ആപ്പിൾ. അമേരിക്കൻ പേറ്റന്റ് ആൻഡ് ട്രേഡ് മാർക്ക് അധികൃതർ ആപ്പിളിന്റെ പുതിയ കംപ്യൂട്ടർ സങ്കല്പത്തെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞദിവസം വെളിപ്പെടുത്തി.
സിപിയുവിനെ കീബോർഡിനുള്ളിൽ ഒതുക്കുക എന്നതാണ് ആപ്പിളിന്റെ പുതിയ ഐഡിയ. മാജിക് കീബോർഡിന്റെ അടുത്തപടിയായി ഇതിനെ കാണാം. ഈ കീബോർഡ് കംപ്യൂട്ടറിനെ യഥേഷ്ടം കൊണ്ടുനടക്കാം. വീട്ടിലെയോ ഓഫീസിലെയോ മോണിറ്ററുകൾ ഘടിപ്പിച്ച് എളുപ്പത്തിൽ ഉപയോഗിക്കുകയുമാവാം.
നിലവിൽ നാം കണ്ടുശീലിച്ച ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകൾ ഒരുപാട് സ്ഥലം അപഹരിക്കുന്നവയാണ്. പവർ കേബിൾ, സിപിയുവിൽനിന്ന് മോണിറ്ററിലേക്കും കീബോർഡിലേക്കും മൗസിലേക്കും പ്രിന്ററിലേക്കുമെല്ലാം വെവ്വേറെ കേബിളുകൾ എന്നിവ അനിവാര്യം.
ഒരിടത്തുനിന്ന് ഒന്നു മാറ്റണമെങ്കിൽ അത്യാവശ്യം ഹാർഡ് വെയറുകളിൽ സാങ്കേതിക പരിജ്ഞാനം വേണം. ഓഫീസുകളിലെ ആവശ്യങ്ങൾക്കു താരതമ്യേന മെച്ചപ്പെട്ടത് എന്ന വിചാരത്തിലാണ് ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകൾ കൂടുതൽ ഉപയോഗിക്കപ്പെട്ടത്.
ലാപ്ടോപ്പുകളും ടാബുകളും വന്നെങ്കിലും അതിനു കാര്യമായ മാറ്റം വന്നില്ല.എന്നാൽ ആപ്പിളിന്റെ പുത്തൻ കംപ്യൂട്ടറിനു ലാപ്ടോപ്പിന്റെ അത്രയും പോലും അധ്വാനം വേണ്ട.
ഒരു കനംകുറഞ്ഞ കീബോർഡ് എടുത്തു കൈകാര്യം ചെയ്യാൻ എന്തു പ്രയാസം!! ട്രാക്ക് പാഡും അതിൽതന്നെ കാണുമെന്ന് പേറ്റന്റ് വിവരങ്ങളിൽ വ്യക്തം. സംഗതി സിംപിൾ.
ഈ കീബോർഡ്തന്നെ മടക്കി പോക്കറ്റിലിടാനും കഴിഞ്ഞേക്കും.വൈ-ഫൈയും മൊബൈൽ ഇന്റർനെറ്റും ഇതിൽ ലഭ്യമാകും. ബാറ്ററിയും കീബോർഡിൽത്തന്നെ. പരമാവധി വലിപ്പവും കനവും കുറച്ചാവും നിർമാണമെന്നാണ് ലഭ്യമായ സൂചനകൾ.