തലശേരി: സൗദി അറേബ്യയിലെ സര്‍ക്കാര്‍ ഖജനാവിലുള്ള മലബാറിലെ പുരാതന മുസ്ലിം കുടുംബമായ കേയി കുടുംബത്തിന് അവകാശപ്പെട്ടതെന്ന് കരുതുന്ന കേയി റുബാത്തുമായി ബന്ധപ്പെട്ട 5000 കോടി രൂപ ഇന്ത്യക്ക് കൈമാറാനുള്ള നടപടി അന്തിമ ഘട്ടത്തിലെത്തിലേക്ക്. സെൻട്രല്‍ വഖഫ് ബോര്‍ഡ് മുന്‍കൈയെടുത്താണ് തുക ഇന്ത്യയിലെത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. എന്നാല്‍, തുക ഇന്ത്യക്ക് കൈമാറുന്നത് കേയി കുടുംബത്തിലെ പൂര്‍വ്വികരുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കേയി കുടുംബത്തിലെ ഒരു വിഭാഗം അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സൗദി അറേബ്യയിലെ രേഖകള്‍ പ്രകാരം കേയി റുബാത്തിന്റെ ലക്ഷ്യം മക്കയില്‍ മലയാളികളായ ഹാജിമാര്‍ക്ക് വിശ്രമകേന്ദ്രം ഒരുക്കുകയും ഹറമില്‍ സൗജന്യ ഭക്ഷണം വിതരണം ചെയ്യണമെന്നുമാണ്. ഈ രേഖ നിലനില്‍ക്കെ തുക ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് നീതിക്ക് നിരക്കാത്തതാണെന്നും ഇവര്‍ പറയുന്നു. തലശേരി കേന്ദ്രമായിട്ടുള്ള കേയി കുടുംബങ്ങളിലേക്ക് ഈ തുക വീതിച്ചു കിട്ടിയാല്‍ കേയി തറവാടുകളെല്ലാം പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയും കുടുംബാംഗങ്ങള്‍ക്കുണ്ട്.
5000 കോടി രൂപ എത്തുമെന്ന വാര്‍ത്തകള്‍ കേയി കുടുംബത്തിലെ വലിയൊരു വിഭാഗം ആളുകളില്‍ ആശ്വാസത്തിന് വക നല്‍കിയിട്ടുണ്ട്. തുക ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി കുടുംബങ്ങളാണ് ഇതുസംബന്ധിച്ച രേഖകള്‍ ഒരുക്കിയിട്ടുളളത്. കേയി റൂബാത്ത് ആക്ഷന്‍ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
മുസ്ലിം സമുദായത്തിന്റെ തീര്‍ഥാടന കേന്ദ്രമായ മക്കയില്‍ മലബാറില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്ക് വിശ്രമിക്കാനായി കേയി കുടുംബത്തിലെ മുതിര്‍ന്ന അംഗമായിരുന്ന ചൊവ്വക്കാരന്‍ വലിയപുരയില്‍ മായിന്‍കുട്ടി എളയ നിര്‍മിച്ച കേയി റുബാത്ത് പിന്നീട് സൗദി സര്‍ക്കാര്‍ അക്വയര്‍ ചെയ്തതിനെ തുടര്‍ന്നുള്ള നഷ്ടപരിഹാര തുകയാണ് സൗദി സര്‍ക്കാരിന്റെ കൈവശമുള്ളത്.
ഒന്നര നൂറ്റാണ്ട് മുമ്പാണ് കേയി റുബാത്ത് നിര്‍മിച്ചത്. കപ്പല്‍ മാര്‍ഗം മാസങ്ങളോളം സഞ്ചരിച്ച് മക്കയില്‍ തീര്‍ഥാടനത്തിന് പോയ ചൊവ്വക്കാരന്‍ വലിയപുരയില്‍ മായിന്‍കുട്ടി എളയ അവിടെ മലബാറില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് വിശ്രമകേന്ദ്രം നിര്‍മിക്കുകയായിരുന്നു.
പിന്നീട് മക്കയുടെ വികസനവുമായി ബന്ധപ്പെട്ട് 1968 ല്‍ കേയി റുബാത്ത് പൊളിച്ചുനീക്കുകയായിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്. ആ കാലഘട്ടത്തില്‍ ഹൈദ്രാബാദ് നൈസാം റുബാത്ത്, ആര്‍ക്കോട്ട് നവാബ് റുബാത്ത് തുടങ്ങിയ ഇന്ത്യയിലെ മുസ്ലിം രാജകുടുംബങ്ങളുടെ പേരിലും വിശ്രമകേന്ദ്രങ്ങള്‍ മക്കയില്‍ ഉണ്ടായിരുന്നു. ഈ റുബാത്തുകളെല്ലാം നവീകരണത്തിന്റെ ഭാഗമായി പൊളിക്കുകയും വ്യത്യസ്ത സ്ഥലങ്ങളിലായി പുനര്‍നിര്‍മിക്കുകയും ചെയ്തു. എന്നാല്‍, കേയി റുബാത്ത് പൊളിച്ചു നീക്കിയശേഷം കേയി കുടുംബത്തിന്റെ അവകാശികളെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് തുക സൗദി സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് സൗദി ഗവ. കേയി റുബാത്തിന്റെ അവകാശികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ ഗവണ്മെന്റിന് കത്തയയ്ക്കുകയും തുടര്‍ന്ന് കേന്ദ്ര സർക്കാർ ഈ വിവരം കേരള സര്‍ക്കാരിനെ അറിയിക്കുയുമായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് സൗദി ഇന്ത്യന്‍ അംബാസിഡറും കേയി കുടംബത്തിലെ അംഗവുമായിരുന്ന ടി.ടി.പി.അബ്ദുള്ളയുടെ നേതൃത്വത്തില്‍ തുക ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടന്നിരുന്നു.
കേയി കുടുംബത്തിലെ തന്നെ അംഗമായിരുന്ന മുന്‍ എറണാകുളം ജില്ലാ കളക്ടര്‍ എ.പി.മുഹദ് ഹനീഷിനെ നോഡല്‍ ഓഫീസറാക്കി കൊണ്ട് ഈ തുക തിരിച്ചെത്തിക്കാന്‍ നീക്കം നടന്നെങ്കിലും വിജയം കണ്ടില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ.സൂരജിനെ നോഡല്‍ ഓഫീസറായി നിയമിച്ചു കൊണ്ട് കേയി കുടംബാംഗങ്ങളെ കണ്ടെത്താനും തുക തിരിച്ചു കൊണ്ടുവരാനും വീണ്ടും സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനിടയില്‍ അറക്കല്‍ കുടുംബത്തിലെ ചിലര്‍ ഈ തുക തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി രംഗത്തു വന്നിരുന്നു.
കേയി റുബാത്ത് നിര്‍മിച്ച ചൊവ്വക്കാരന്‍ വലിയപുരയില്‍ മായിന്‍കുട്ടി എളയ വിവാഹം കഴിച്ചത് അറക്കല്‍ തറവാട്ടില്‍ നിന്നായിരുന്നു. കേയി റുബാത്ത് തുക തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം കണ്ണൂര്‍ കളക്ടറേറ്റില്‍ തെളിവെടുപ്പ് നടക്കുകയും മുന്നൂറ്റന്പതോളം കേയി കുടുംബാംഗങ്ങള്‍ തെളിവെടുപ്പില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ മായിന്‍കുട്ടി എളയക്ക് മക്കളില്ലെന്നും പിന്തുടര്ച്ചക്കാരില്ലെന്ന വാദവും ഉയര്‍ന്നിരുന്നു.
എന്നാല്‍, മലബാറില്‍ മരുമക്കത്തായമാണ് നിലനില്‍ക്കുന്നതെന്നും അതുകൊണ്ട് പിന്തുടര്ച്ചക്കാരുണ്ടെന്ന മറുവാദവും ഉണ്ടായി. കൂടാതെ മായിന്‍കുട്ടി എളയ വഖഫ് (ദൈവത്തിനു ദാനം) ചെയ്ത സ്വത്തായതിനാല്‍ വ്യക്തികള്‍ക്ക് ലഭിക്കില്ലെന്നും ഒരു വിഭാഗം കേയിമാര് തന്നെ ചൂണ്ടിക്കാട്ടി. ഈ തുക ഉപയോഗിച്ച് മക്കയില്‍ കേയി റുബാത്ത് പുനര്‍നിര്‍മിക്കണമെന്ന ആവശ്യവും ഇതിനിടയില്‍ ഉണ്ടായിരുന്നു. അഡ്വ.സി.ഒ.ടി ഉമ്മര്‍, ആലുപ്പികേയി എന്നിവരുടെ നേതൃത്വത്തിലും തുക ഇന്ത്യയിലെത്തിക്കാന്‍ ശ്രമം നടന്നിരുന്നു.