തിരുവനന്തപുരം: സർക്കാർ കരാറുകാർക്കുള്ള പുതിയ പദ്ധതിയായ കെഎഫ്സി വികാസിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. അടങ്കൽ തുകയുടെ 80 ശതമാനം വരെ വായ്പ ലഭിക്കുന്ന ഈ പദ്ധതി സംസ്ഥാന- കേന്ദ്ര സർക്കാരുകളുടെയും റെയിൽവേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെയും കരാറുകാർക്ക് ഏറെ ഗുണപ്രദമാണ്. കരാർ ഏറ്റെടുത്തു നടത്താൻ വേണ്ട ബാങ്ക് ഗാരന്റിയും കെഎഫ്സി നൽകുന്നതാണ്.
പദ്ധതി പ്രകാരം കെഎഫ്സി ബന്ധപ്പെട്ട സർക്കാർ ഏജൻസിയുമായി കരാറിൽ ഏർപ്പെടുന്നതാണ്. ബില്ല് പാസാകുമ്പോൾ അടങ്കൽതുക കൈപ്പറ്റിയതിനുശേഷം മുതലും പലിശയും കിഴിഞ്ഞു ബാക്കി തുക ഇടപാടുകാരന് നൽകും.
ഈ കാലയളവിലേക്കുള്ള പലിശയും വായ്പയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു സവിശേഷത. എന്നാൽ, ഇതിലേക്കായി വായ്പ തുകയുടെ 10 ശതമാനം കെഎഫ്സിയുടെ അക്കൗണ്ടിൽ തന്നെ സൂക്ഷിക്കുന്നതാണ്. കെഎഫ്സി വികാസ് എന്ന പദ്ധതിയിൽ കരാരുകാർക്ക് ലൈൻ ഓഫ് ക്രെഡിറ്റ് (എൽഒസി) അനുവദിക്കുന്നത് വഴി ഈ സൗകര്യം ഒരു ഓവർഡ്രാഫ്റ്റ് പോലെയും ഉപയോഗിക്കാം.
കരാറിന്റെ പുരോഗതിക്കനുസരിച്ച് പണം പിൻവലിക്കുവാനും പണം തിരിച്ചടച്ചു ഓവർഡ്രാഫ്റ്റ് സൗകര്യം തുടരുവാനും സാധിക്കും. കന്പനികൾക്ക് 20 കോടിയും മറ്റുള്ള സംരംഭകർക്ക് എട്ടു കോടിയും ലഭിക്കം. കരാർ പണി പൂർത്തിയാക്കിയ ശേഷം ബിൽ പാസാവാൻ കാലതാമസം ഉണ്ടായാൽ ബിൽ ഡിസ്കൗണ്ട് ചെയ്യാനുള്ള പദ്ധതിയും കെഎഫ്സി ഏർപ്പെടുത്തുന്നുണ്ട്.
ഈ പദ്ധതിയുടെ പലിശ 10 ശതമാനം നിരക്കിൽ ആരംഭിക്കുന്നതാണ്. മാത്രമല്ല 31 വരെ സ്വീകരിക്കുന്ന അപേക്ഷകൾക്ക് പ്രോസസിംഗ് ഫീസ് 50 ശതമാനം കിഴിവും അനുവദിക്കും. സെപ്റ്റംബർ 10ന് കൊച്ചിയിൽ നടക്കുന്ന വായ്പാമേളയുടെ ഭാഗമായി ഓട്ടേറെ പുതിയ പദ്ധതികളാണ് കെഎഫ്സി അവതരിപ്പിക്കുന്നത്.