തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ(കെഎഫ്സി)തിരേയുള്ള അഴിമതി ആരോപണത്തിൽ അവർ നൽകിയ വിശദീകരണം തെറ്റുകൾ നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിന്റെ അനുമതി വാങ്ങാതെയാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചത്.
സെബിയുടെയും ആർബിഐയുടെയും അംഗീകാരമില്ലാത്ത ധനകാര്യ സ്ഥാപനത്തിലാണ് കെഎഫ്സി നിക്ഷേപം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മറ്റ് ബാങ്കുകളിൽ പണം നിക്ഷേപിച്ചിരുന്നുവെങ്കിൽ ഗാരന്റി ഉണ്ടായിരുന്നു. അനിൽ അംബാനിയുടെ കന്പനിയിലെ നിക്ഷേപത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യക്കിടയാക്കിയ സംഭവത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കും. വിജയൻ തന്നോട് നേരിട്ട് പരാതി പറഞ്ഞിട്ടില്ല.
അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് തനിക്ക് കത്ത് കിട്ടിയതെന്നും പോലീസ് അന്വേഷണത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കന്റോണ്മെന്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.