സ്വന്തം ലേഖകൻ
തിരുവനന്തപുരം:സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ 250 കോടി രൂപ ബോണ്ട് വിപണിയിൽ നിന്നും സമാഹരിച്ചു. 100 കോടിയാണ് സമാഹരിക്കാൻ ഉദ്ദേശിച്ചതെങ്കിലും നിക്ഷേപകരുടെ വർദ്ധിച്ച താൽപര്യംമൂലം 150 കോടി രൂപ അധിക സമാഹരണം നടത്തുകയായിരുന്നു. കടപ്പത്രത്തിന് 8.99 ശതമാനം പലിശയും 7 വർഷത്തെ കാലാവധിയും ഉണ്ട്. നാലു വർഷം കഴിഞ്ഞ് കെ.എഫ്.സി ക്ക് കടപ്പത്രം തിരിച്ചെടുക്കാനുള്ള വ്യവസ്ഥയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ബോംബെ സ്റ്റോക്ക് എക്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഈ കടപ്പത്രത്തിന് റിസർവ് ബാങ്കും സെബിയും അംഗീകരിച്ച രണ്ട് റേറ്റിംഗ് ഏജൻസികളിൽ നിന്നായി എഎ (സ്റ്റേബിൾ- എസ് ഒ) റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. കെ.എഫ്.സി ക്കു 2011 മുതൽ 6 തവണ ബോണ്ട് വഴി തുക സമാഹരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഇത് നിക്ഷേപകർക്ക് കെ.എഫ്.സി യുടെ വായ്പാ ആസ്തിയിലുള്ള വിശ്വാസ്യതയാണ് കാണിക്കുന്നതെന്ന് കെ.എഫ്.സി യുടെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ സഞ്ജീവ് കൗശിക് ഐ.എ.എസ് പറഞ്ഞു.
കെ.എഫ്.സി ബോണ്ടിലൂടെ ഇതുവരെ 1350 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ഇതിൽ 250 കോടി രൂപ തിരിച്ചടച്ചു കഴിഞ്ഞു. തുടക്കത്തിൽ സർക്കാർ ഗ്യാരണ്ടിയോടുകൂടിയായിരുന്നു ബോണ്ടുകൾ ഇറക്കിയിരുന്നത്. ഗ്യാരണ്ടി ഫീസും നികുതിയും കൂടിചേരുന്പോൾ ഏകദേശം 1 ശതമാനം അധിക നികുതി സർക്കാറിന് നൽകേണ്ടി വരുന്നതിനാൽ സർക്കാർ ഗ്യാരണ്ടിയുള്ള ബോണ്ടുകൾക്ക് പലിശ ഭാരം കൂടുതലായി.
2016 മുതൽ സർക്കാർ ഗ്യാരണ്ടിയില്ലാതെ ബാലൻസ് ഷീറ്റിന്റെ അടിസ്ഥാനത്തിൽ റേറ്റിംഗ് നടത്തിയാണ് ബോണ്ട് വഴി തുക സമാഹരിക്കുന്നത്. സർക്കാർ ഗ്യാരണ്ടിയില്ലാതെ ബോണ്ട് വഴി പണം സമാഹരിക്കുന്ന സംസ്ഥാനത്തെ ഏക പൊതുമേഖലാ സ്ഥാപനമാണ് കെ.എഫ്.സി. 2018-ലെ ഐ.എൽ & എഫ്.സിന്റെ തകർച്ചയെ തുടർന്ന് ബോണ്ട് മാർക്കറ്റിൽ നിന്നും റേറ്റിംഗ് ഉള്ള കടപ്പത്രങ്ങൾക്ക് വരെ തുക സമാഹരിക്കാൻ ബുദ്ധിമുട്ടായിരുന്നു.
മിക്കവാറും ബോണ്ടുകളെല്ലാം 9 ശതമാനത്തിന് മുകളിലാണ് വിനിമയം നടത്തുന്നത്. ഈ സാഹചര്യത്തിൽ 9 ശതമാനത്തിൽ കുറഞ്ഞ നിരക്കിൽ തുക സമാഹരിക്കാൻ കഴിഞ്ഞത് ഒരു വലിയ വിജയമാണെന്നാണ് കെ.എഫ്.സി പറയുന്നത്.നിലവിൽ കെ.എഫ്.സി യുടെ വായ്പാ ആസ്തി 2700 കോടി രൂപയാണ്. ഇത് ഈ വർഷാവസാനം 3500 കോടിയായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. വിപണി അനുകൂലമാണെങ്കിൽ ഈ വർഷാവസാനത്തോടെ ഒരു തവണകൂടി കടപ്പത്രമിറക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.എഫ്.സി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ് അറിയിച്ചു.