തിരുവനന്തപുരം: മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ പോലീസ് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു.
കടയ്ക്കാവൂർ പെരുംകുളം പാലാംകോണം എഎസ് മൻസിലിൽ മുബാറക് (36) നെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ പ്രതികളായ കടയ്ക്കാവൂർ സ്വദേശികളായ സക്കീർ (35), സുരേഷ് കുമാർ (33) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസിലെ മൂന്നാം പ്രതിയായ മുബാറക് വിദേശത്തേക്ക് മുങ്ങുകയായിരുന്നു. പ്രതിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സൗദി അറേബ്യയിൽ ജോലി ചെയ്ത് വരികയായിരുന്ന മുബാറക്കിനെ വീസ റദ്ദാക്കിച്ച് നാട്ടിലേക്ക് തിരിച്ചയപ്പിച്ച ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഇയാളെ വിമാനത്താവള അധികൃതർ തടഞ്ഞുവച്ച ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
2014 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. തൈക്കാട് ആശുപത്രി പരിസരത്ത് അലഞ്ഞുതിരിഞ്ഞ് നടന്ന യുവതിയെ തന്പാനൂർ പോലീസ് പിടികൂടി സിജഐം കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി യുവതിയെ പേരൂർക്കട മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശം നൽകി.
വൈദ്യപരിശോധനയിൽ യുവതി ഗർഭിണിയാണെന്ന് തെളിയുകയും തുടർന്നുള്ള അന്വേഷണത്തിൽ സ്വദേശം കടയ്ക്കാവൂരാണെന്ന് വ്യക്തമാവുകയും ചെയ്തു.
പിന്നീടാണ് കോടതി നിർദേശാനുസരണം കേസെടുത്ത് കടയ്ക്കാവൂർ പോലീസിന് അന്വേഷണം കൈമാറിയത്. കടയ്ക്കാവൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് തെളിഞ്ഞത്.