പ്രോ ടെം സ്പീക്കര്‍, യെദിയൂരപ്പയുടെ സ്വന്തം! 2010 ല്‍ യെദിയൂരപ്പയ്ക്കുവേണ്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ ചരിത്രം ബൊപ്പയ്യ ഇത്തവണയും ആവര്‍ത്തിക്കുമോ? കര്‍ണാടക രാഷ്ട്രീയം ഇനി ഉറ്റുനോക്കുന്നത് ഈ സംഘപരിവാറുകാരനെ

കര്‍ണാടകം ആര് ഭരിക്കണമെന്നതിന് വ്യക്തമായ ഒരു തീരുമാനമുണ്ടാകാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയായിരിക്കുന്നത്. വിശ്വാസവോട്ടെടുപ്പ് നടക്കുമ്പോള്‍ നിര്‍ണ്ണായകമാവുക, പ്രോ ടെം സ്പീക്കര്‍, കെ ജി ബൊപ്പയ്യയുടെ തീരുമാനമാണ്. ബൊപ്പയ്യയെ പ്രോ ടെം സ്പീക്കറായി തെരഞ്ഞെടുത്തതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. യെദിയൂരപ്പയെ സംരക്ഷിക്കുന്ന നിലപാടുകളെടുത്തതില്‍ സുപ്രീംകോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുള്ള വ്യക്തിയാണ് ബൊപ്പയ്യ എന്നു പറയുമ്പോള്‍ തന്നെ അത് വ്യക്തമാണല്ലോ. കൂടാതെ കറതീര്‍ന്ന സംഘപരിവാറുകാരനും.

കുഡഗ് ജില്ലയിലെ മഡിക്കേരിയില്‍ ജനിച്ച ബൊപ്പയ്യ കുട്ടികാലം മുതലെ ആര്‍എസ്എസ് പ്രവര്‍ത്തകനായി രാഷ്ട്രീയത്തിന് തുടക്കമിട്ടു. കോളജ് ജീവിതത്തില്‍ എബിവിപിയുടെ നേതാവ്. പിന്നീട് സംഘപരിവാറിന്റെ സജീവ പ്രവര്‍ത്തകന്‍. ബംഗളൂരുവിലെ വിരാജ്പേട്ടയിലെ കുടഗില്‍ നിന്ന് വീണ്ടും രണ്ടുതവണ നിയമസഭയിലേക്ക് എത്തിയ ബൊപ്പയ്യ യെദിയൂരപ്പയുടെ വിശ്വസ്തനായി മാറിയത് നിമിഷ നേരങ്ങള്‍കൊണ്ടാണ്.

2009ലെ വിശ്വാസ വോട്ടെടുപ്പില്‍ യെദിയൂരപ്പയെ പിന്തുണച്ചത് ബൊപ്പയ്യയാണ്. 2010ല്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ യെദിയൂരപ്പയെ വഴിവിട്ടു സഹായിച്ചതിന് സുപ്രീംകോടതിയുടെ വിമര്‍ശനം ബൊപ്പയ്യ നേരിടേണ്ടി വന്നു.

2008-2013 കാലത്ത് കര്‍ണാടക ബിജെപി മന്ത്രിസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം അലങ്കരിച്ചിരുന്നത് ബൊപ്പയ്യയായിരുന്നു. യെദിയൂരപ്പക്കെതിരെ വിമതരായി നിന്ന 11 എംഎല്‍എമാര്‍ യെദിയൂരപ്പ സര്‍ക്കാരിനെതിരെ തിരിഞ്ഞപ്പോള്‍ ഇവരെ അയോഗ്യരാക്കി രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടു, സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനവും കേള്‍ക്കേണ്ടി വന്നു.

ബോപ്പയ്യ രാഷ്ട്രീയക്കളി നടത്തിയാല്‍ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തിലെ ഏതാനും പേരെ അയോഗ്യരാക്കിയേക്കാം. 2010 ല്‍ യെദിയൂരപ്പയ്ക്കുവേണ്ടി 16 പേരെ അയോഗ്യരാക്കിയ ചരിത്രം ബോപ്പയ്യയ്ക്കുണ്ടല്ലോ. അങ്ങനെ ചെയ്താല്‍ യെദിയൂരപ്പ വിശ്വാസവോട്ടെടുപ്പില്‍ ജയിക്കും. അത് കൂടുതല്‍ നിയമയുദ്ധത്തിലേ്ക്ക് വഴിമാറുകയും ചെയ്യും.

Related posts