ചേർത്തല: ചേർത്തല ജോയിൻറ് ആർടിഒ ഓഫീസിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ഏജന്റ് മർദിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചേർത്തല ജോയിൻറ് ആർടിഒ ഓഫീസിലെ എംവിഐ കെ.ജി. ബിജുവാണ് മർദ്ദനമേറ്റ് ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. അതേസമയം എംവിഐ ആക്രമിച്ചെന്ന് ആരോപിച്ച് ഏജന്റായ തുറവൂർ തിരുമലഭാഗം പുത്തൻതറ വീട്ടിൽ തന്പി(50)യും ഇതേ ആശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ഓഫീസിനുള്ളിലെ കൗണ്ടറിന് സമീപം നിന്ന് അപേക്ഷ പൂരിപ്പിക്കുകയായിരുന്ന തന്പിയോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടർന്ന് മൊബൈൽ ഫോണിൽ പടമെടുത്ത എംവിഐയെ കൈ പിടിച്ച് തിരിക്കുകയും ഷർട്ട് വലിച്ചു കീറുകയും പിടിച്ചു തള്ളുകയും ചെയ്തെന്നാണ് പരാതി.
ഓഫീസിലെത്തുന്നവർക്ക് തടസമായി നിന്നതിനാലാണ് തന്പിയോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടതെന്ന് കെ.ജി ബിജു പറഞ്ഞു. ബിജുവിന്റെ ചില നടപടികൾക്കെതിരെ ഒരു പരാതി കഴിഞ്ഞദിവസം ട്രാൻസ്പോർട് കമ്മീഷണർക്ക് നൽകിയിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ഓഫീസിൽ ജോലി സംബന്ധമായ ആവശ്യത്തിനെത്തിയ തന്നെ അകാരണമായി മർദിച്ചതെന്നും തന്പിയും പരാതിപ്പെട്ടു.
കഴുത്തിനും നെഞ്ചിനും ഇടിക്കുകയും കൈ പിടിച്ചു തിരിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്. അതേസമയം ചേർത്തല ജോയിൻറ് ആർടിഒ ഓഫീസിന്റെ നിയന്ത്രണം ഏജൻറുമാരുടെ കൈകളിലാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ജനങ്ങൾ മണിക്കൂറുകൾ ക്യൂവിൽ നിൽക്കുന്പോൾ ഏജൻറുമാർ പിന്നിലൂടെ കാര്യങ്ങൾ സാധിക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഏജൻറുമാരെ ഓഫീസിൽ കയറ്റരുതെന്നും, ഒരാളിൽ നിന്നും ഒരു അപേക്ഷ മാത്രമേ സ്വീകരിക്കാവൂ എന്നും വകുപ്പ് അധികൃതരുടെ നിർദേശം ഉണ്ടെങ്കിലും ചേർത്തലയിലെ ആർടിഒ ഓഫീസിലെ അധികൃതർ അത് അറിഞ്ഞ മട്ടില്ല. അപേക്ഷയുമായി ജനങ്ങൾ ക്യൂവിൽ നിൽക്കുന്പോൾ പോലും ഏജൻറുമാർ കെട്ടുകണക്കിന് അപേക്ഷകളുമായി എത്തുകയും മണിക്കൂറുകൾ ജനങ്ങൾ ക്യൂവിൽ നിൽക്കേണ്ട അവസ്ഥയാണ്. ഇന്നലെ നടന്ന കൈയാങ്കളിക്കു പിന്നിലെ തുടക്കവും ഇതായിരുന്നു. സംഘർഷം ഓഫീസിന്റെ പ്രവർത്തനത്തിന് അല്പനേരം തടസപ്പെടുത്തുകയും ചെയ്തു.
ചേർത്തല ആർടിഒ കേന്ദ്രീകരിച്ച് നിരവധി ഓട്ടോ ഏജൻറുകളാണ് പ്രവർത്തിക്കുന്നത്. കിട്ടേണ്ട ’പടി’ യഥാസമയം ലഭിക്കുന്നതിനാൽ ആർടിഒ ഓഫീസിലെ എല്ലാ പ്രവർത്തനങ്ങളിലും ഏജൻറുമാർക്ക് മുൻഗണനയാണ്. ഏജൻറുമാർ വഴി വരുന്ന അപേക്ഷകൾ പെട്ടെന്ന് തീർപാകുന്പോൾ സാധാരണ ജനങ്ങളുടെ അപേക്ഷകൾ മനപൂർവം വൈകിക്കുന്നുവെന്ന് പരാതിയുണ്ട്.