ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു സുകുമാരന്‍. വേറിട്ട അഭിനയവും ശക്തമായ സംഭാഷണ ശൈലിയും സുകുമാരനെ വ്യത്യസ്ഥനാക്കി.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സുകുമാരന്റെ തുടക്കം കോളജ് അധ്യാപകന് ആയിട്ടായിരുന്നു.
എംടിയുടെ നിര്മാല്യത്തില് അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സുകുമാരന്‍ സിനിമയില്‍ എത്തിയത്.
എന്നാല്‍ സുകുമാരന്റെ സ്ഥാനം സിനിമയില്‍ ഉറപ്പിച്ചത് സുരാസു തിരക്കഥയെഴുതിയ ശംഖുപുഷ്പം എന്ന ചിത്രത്തിലെ വേഷമാണ്.
വളര്‍ത്തുമൃഗങ്ങള്‍, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ശാലിനി എന്റെ കൂട്ടുകാരി ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഇരുന്നൂറ്റി അമ്പതോതോളം ചിത്രങ്ങളില്‍ സുകുമാരന്‍ വേഷമിട്ടു.
കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത ഇരകള്‍, മമ്മൂട്ടി നായകനായ പടയണി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവുമായിരുന്നു സുകുമാരന്‍.
1997 ജൂണ്‍ പതിനാറിനാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് സുകുമാരന്‍ വിടവാങ്ങിയത്. ഇപ്പോള്‍ സുകുമാരനെപ്പോലെ തന്നെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളായി മാറിയിരിക്കുകയാണ്. സുകുമാരന്റെ ഭാര്യ മല്ലികയും സിനിമാ-സീരിയല്‍ രംഗത്ത് സജീവമാണ്.
അതേ സമയം സുകുമാരനുമായി സൗഹൃദം സൂക്ഷിച്ചിരുന്ന നിര്‍മാതാവ് കെജി നായര്‍ താരത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ബന്ധങ്ങള്‍ക്ക് പ്രധാന്യം നല്കുന്ന വ്യക്തിയാണ് സുകുമാരന്‍ എന്നാണ് നിര്‍മ്മാതാവ് കെജി നായര്‍ പറയുന്നത്.
മാസ്റ്റര്‍ബിന്‍ ചാനലിന് നല്കിയ അഭിമുഖത്തിന് ഇടെയാണ് അദ്ദേഹം സുകുമാരനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്.
പണത്തിന് പ്രധാന്യം നല്‍കാത്ത എന്നാല്‍ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന വ്യക്തിയാണ് സുകുമാരന്‍. പലരും അദ്ദേഹത്തെപ്പറ്റി അഹങ്കരിയാണെന്ന് പറയുമെങ്കിലും അങ്ങനെയൊരളല്ല അദ്ദേഹം.
നിര്‍മ്മാതാവ് ആയുള്ള എന്റെ ജീവിതത്തില്‍ തന്നോട് പണത്തെപ്പറ്റി സംസാരിക്കാത്ത രണ്ട് പേരാണ് ഉള്ളത്. ഒന്ന് സുകുമാരനും മറ്റേത് ഗണേഷുമാണ്.
ഒരിക്കല്‍ സിനിമയുടെ സമയത്ത് പണം നല്കാനില്ലാതെ പിന്നീട് ഞാന്‍ പണം നല്കാന് ചെന്നപ്പോള്‍ നീ ഇത് കൊണ്ടുപൊക്കോ വീട്ടില്‍ ആവശ്യങ്ങള്‍ ഉള്ളതല്ലേയെന്ന് പറഞ്ഞ് അദ്ദേഹം ആ കാശ് തിരിച്ച് തന്ന് വിട്ടിരുന്നു.
ബാക്കിയുള്ളവര്‍ അഞ്ച് രൂപയുണ്ടെങ്കില്‍ പോലും അത് ചോദിച്ച് വാങ്ങുന്നവരാണ്. അദ്ദേഹത്തിന് ഒരുപാട് സ്വത്തുക്കള്‍ ഉണ്ടായിരുന്നു.
മരണ ശേഷമാണ് മല്ലിക പോലും അത് അറിഞ്ഞത് അതാണ് അവര്‍ക്ക് ആദ്യ സമയങ്ങളില്‍ കുറച്ച് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്.
ഞാനും മല്ലികയും ജഗദീഷും മണിയന്‍പിള്ള രാജുവുമൊക്കെ ഒന്നിച്ച് പഠിച്ചവരാണ്. സുകുമാരന്റെ മക്കളില്‍ ആര്‍ക്കാണ് അദ്ദേഹത്തിന്റെ സ്വഭാവം കിട്ടിയതെന്ന് ചോദിച്ചാല്‍ രണ്ട് പേര്‍ക്കുമുണ്ടെന്നാണ് പറയാന്‍ കഴിയുക.
സ്നേഹം കൂടുതല്‍ ഇന്ദ്രജിത്തിന് ആണ്. എവിടെ കണ്ടാലും വിളിക്കുകയും സംസാരിക്കുകയും ചെയ്യും. നമ്മള് ഒരു കാര്യം പറഞ്ഞാല്‍ എതിര് ഒന്നും പറയില്ല.
എന്നാല്‍ പ്രധാന്യം കൂടുതല്‍ രാജുവിനാണ്. അദ്ദേഹം നിര്‍മ്മാതാവ് കൂടിയായത് കൊണ്ടാവാം. വാക്ക് പറഞ്ഞാല്‍ വാക്കാണ്. പിന്നെ എല്ലാം നോക്കിയും കണ്ടും ചെയ്യുമെന്നും കെജി നായര്‍ പറഞ്ഞു.