പത്തനംതിട്ട: ജെസ്നയുടെ തിരോധാനം ശുഭവാർത്ത ഉടൻ പ്രതീക്ഷിക്കാമെന്ന സൂചന നൽകി അന്വേഷണോദ്യോഗസ്ഥനായ എസ്പി കെ.ജി. സൈമൺ പടിയിറങ്ങുന്നു.
സംസ്ഥാനത്തെ പ്രമാദമായ പല കേസുകളും തെളിയിച്ചിട്ടുള്ള കെ.ജി. സൈമൺ പടിയിറങ്ങുന്പോൾ ജെസ്ന കേസിലെ അന്വേഷണം കോവിഡ് അട്ടിമറിച്ചുവെന്ന അഭിപ്രായക്കാരനാണ്.
കോവിഡ് കാലമല്ലായിരുന്നെങ്കിൽ കേസിന് ഇപ്പോൾ അവസാനമാകുമായിരുന്നുവെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. വിരമിക്കുന്ന ഒരു ഉദ്യോഗസ്ഥൻ അന്വേഷണത്തിലിരിക്കുന്ന ഒരു കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തില്ലെന്നും പറയുന്നു.
വെച്ചൂച്ചിറ കൊല്ലമുള സ്വദേശിനിയായ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെകൂടി ചുമതലക്കാരനാണ് ഇന്നു സർവീസിൽനിന്നു വിരമിക്കുന്ന എസ്പി കെ.ജി. സൈമണ്‍.
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ 2018 മാർച്ച് 25നാണ് കാണാതാകുന്നത്. നിരവധി അന്വേഷണസംഘങ്ങൾ ഇതു സംബന്ധിച്ചു കേസ് അന്വേഷിച്ചെങ്കിലും ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ ചുമതലയിലാണ്.
ജെസ്നയുടെ തിരോധാനം സംബന്ധിച്ചു വ്യക്തമായ ചില സൂചനകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നുവെന്നും പലതും തന്റെ പരിധിയിൽനിന്നുകൊണ്ടു പുറത്തുവിടാനാകില്ലെന്നുമാണ് എസ്പി സൈമണ്‍ പറയുന്നത്.
ഇത് ഉടൻ പുറത്തറിയുമെന്നും അദ്ദേഹം സൂചന നൽകി. അതേസമയം, പോലീസിലെ ഉന്നതർക്ക് ഉൾപ്പടെ ജെസ്ന എവിടെയുണ്ടെന്നതു സംബന്ധിച്ച് അറിയാമെന്നും പറയാതിരിക്കുന്നതിനു പിന്നിൽ ചില സമ്മർദങ്ങളുണ്ടെന്ന സൂചനയുമാണ് എസ്പിയുടെ വാക്കിൽനിന്നു പുറത്തുവരുന്നതെന്നാണ് വിലയിരുത്തൽ.
കേസുമായി ബന്ധപ്പെട്ട് നിരവധി അന്തർ സംസ്ഥാന ബന്ധങ്ങൾ അന്വേഷിച്ചിരുന്നു. രണ്ടുലക്ഷം ടെലിഫോണ്‍, മൊബൈൽ നന്പരുകളാണ് ശേഖരിച്ചു പരിശോധിച്ചത്. ഇതിൽ 4000 എണ്ണം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കി.
കുടക്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിർണായകമായ ചില അന്വേഷണങ്ങൾ നടത്തി. ഇതിനിടെ പല നിഗമനങ്ങളും പുറത്തുവന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ ഇവയെല്ലാം നിഷേധിക്കുകയായിരുന്നു.
കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടിൽ ജെയിംസിന്റെ മകളായ ജെസ്ന പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞു പോയ സമയത്താണ് കാണാതാകുന്നത്. എരുമേലിവരെ ജെസ്നയെ കണ്ടവരുണ്ട്. കാണാതാകുന്പോൾ മൊബൈൽ ഫോണ്‍ പോലും എടുത്തിരുന്നില്ലെന്നും പറയുന്നു.