അഖിൽ ആയാംകുടി
ആ ശബ്ദമാണ് ഇപ്പോൾ ഹീറോ… കെജിഎഫിലെ ഹീറോ ആയ റോക്കി ഭായിയെക്കാൾ ഹീറോ പരിവേഷം ഇപ്പോൾ ആരാധകർ ഏറ്റവും കൂടുതൽ നൽകുന്നത് ആ ശബ്ദത്തിന്റെ ഉടമയ്ക്കാണ്.
വയലൻസ്… വയലൻസ്… വയലൻസ് … എന്നു തുടങ്ങുന്ന റോക്കി ഭായിയുടെ മലയാളം ഡയലോഗിന് ജീവൻ നൽകിയ പറവൂർക്കാരൻ അരുൺ രാഷ്ട്രദീപികയോട് സംസാരിക്കുന്നു.
മുൻകാലങ്ങളിലൊക്കെ മലയാളത്തിലേക്ക് മൊഴി മാറിയെത്തുന്ന അന്യഭാഷ സിനിമാ സംഭാഷണളിലെ കൃത്രിമത്വം പ്രേക്ഷകർക്ക് അരോചകമായിരുന്നു.
എന്നാൽ ഇന്ന് ഒറിജിനലിനോട് കിടപിടിക്കുന്ന തരത്തിൽ മൊഴിമാറ്റപ്പെടുന്ന അന്യഭാഷാ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ വൻ വരവേൽപ്പാണ് ലഭിക്കുന്നത്.
ഇതിനു പിന്നില്‍ നിരവധി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെ കഠിനാധ്വാനമുണ്ട്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത് കെജിഎഫിലെ റോക്കി ഭായിയെ മലയാളക്കരയിൽ ആറാടിക്കുകയായിരുന്നു.
ഡബ്ബിംഗ് ആർട്ടിസ്റ്റായ സി.എം. അരുൺ. കെജിഎഫ് കൂടാതെ നിരവധി അന്യഭാഷ ചിത്രങ്ങളിലെ താരങ്ങൾ മലയാളം സംസാരിക്കുന്നത് അരുണിന്റെ മനോഹരമായ ശബ്ദത്തിലൂടെയാണ്.
കെജിഎഫ് തിയറ്ററുകളിൽ
എട്ട് തവണയിലധികം കെജിഎഫ് തിയറ്ററിൽ കണ്ടു. കേരളത്തിലെ വ്യസ്ത സ്ഥലങ്ങളിൽ പോയാണ് സിനിമ കണ്ടത്. പലതരത്തിലുള്ള ഓഡിയൻസിനൊപ്പം സിനിമ കണ്ടതിലൂടെ ആളുകളുടെ വ്യത്യസ്ത വിലയിരുത്തലുകൾ മനസിലാക്കാനും അവരുടെ പ്രതികരണങ്ങൽ അറിയാനും സാധിച്ചു.
സിനിമ കാണുന്നതിലപ്പുറം പ്രേക്ഷകരെ കാണാനും അവർ എങ്ങിനെയാണ് സിനിമയെ സ്വീകരിക്കുന്നതെന്ന് മനസിലാക്കാനും ആഗ്രഹമുണ്ടായിരുന്നു.
കെജിഎഫിലെ ഡയലോഗുകൾ
കെജിഎഫിലെ എല്ലാ ഡയലോഗുകളും പ്രിയപ്പെട്ടതാണ്. ഏകദേശം ഒന്നര വര്‍ഷത്തോളമെടുത്താണ് മലയാളം ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്.
ശങ്കര്‍രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ നിരീക്ഷവും ആഗ്രഹവും താൽപ്പര്യവുമൊക്കെയാണ് ഇത്തരത്തിൽ മികച്ച ഒരു സംഭാഷണ മികവിലേക്ക് കെജിഎഫിനെ എത്തിച്ചത്. സംവിധായകനും താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരും വളരെയധികം സമയം ചെലവഴിച്ചും ആത്മാർഥതയോടെയും ചെയ്തതിന്റെ ഫലവും കെജിഎഫിന്റെ മൊഴിമാറ്റത്തിൽ നിർണായകമായിരുന്നു.
മലയാളത്തിലെ പ്രമുഖ താരങ്ങൾ ശബ്ദം നൽകിയതും ഡബിംഗിനു ഗുണകരമായി. സുധീർ കരമനയുടെയും ലെനയുടെയും ഡയലോഗുകൾ വല്ലാതെ ആകർഷിച്ചു.
ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്
വർഷങ്ങളായി ഡബ്ബിംഗ് രംഗത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും ബാഹുബലി മലയാളത്തിൽ ഇറങ്ങിയശേഷമാണ് ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്.
2012ൽ പുറത്തിറങ്ങിയ രാജമൗലി ചിത്രം ‘ഈച്ച’യിലൂടെയാണ് ഡബ്ബിംഗ് മേഖല ആളുകൾ കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങിയത്.
മുൻ കാലങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റുകളെ ആളുകൾ ശ്രദ്ധിക്കാതിരുന്ന രീതിയിൽ മാറ്റം വന്നത് ഈ മേഖലയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നതിനും മികച്ച രീതിയിൽ സംഭാഷണങ്ങൾ ഒരുക്കുന്നതിനും സഹായിക്കും.
ഡബ്ബിംഗ് മേഖലയിലെ തുടക്കം
2006ൽ അശ്വാരൂഢൻ എന്ന സിനിമയിലൂടെയാണ് മലയാളം ഡബ്ബിംഗ് മേഖലയിലേക്ക് വരുന്നത്. അന്നു മുതൽ സീനിയേഴ്സിനൊപ്പവും അല്ലാതെയും സ്റ്റുഡിയോകളിൽ പോയി കണ്ടും കേട്ടുമൊക്കെയാണ് ഡബ്ബിംഗിനെക്കുറിച്ച് കൂടുതൽ മനസിലാക്കാനും പഠിക്കാനും സാധിച്ചത്.
2008 ഓടുകൂടി ഇതര ഭാഷകളിലും ഡബ്ബിംഗ് ചെയ്തു തുടങ്ങിയിരുന്നു. നിരന്തരം സിനിമകൾ ചെയ്ത് എക്സ്പീരിയൻസ് ആയതോടെ ഇപ്പോൾ കാര്യങ്ങളൊക്കെ കുറച്ച് എളുപ്പമാണ്. ആ കാലഘട്ടങ്ങളിൽ ഡബ്ബിംഗിനായി പ്രത്യേകം കോഴ്സുകളോ ഇൻസ്റ്റിറ്റ്യൂട്ടുകളോ ഉണ്ടായിരുന്നില്ല.
ഇന്നിപ്പോൾ കോഴ്സുകളൊക്കെ തുടങ്ങിയതിനാൽ പുതുതായി വരുന്നവർക്കും പേടിയില്ലാതെ ഡബ്ബിംഗ് സമീപിക്കാം. എന്നാൽ കൂടുതൽ വർക്കുകൾ ചെയ്ത് എക്സ്പീരിയൻസിലൂടെയെ മികച്ച ആർട്ടിസ്റ്റുകളാകാൻ സാധിക്കു.
ഡബ്ബിംഗിലെ വെല്ലുവിളികൾ
ഡബ്ബിംഗിലെ എല്ലാം ചലഞ്ചിംഗാണ്. വളരെ അധികം പരിശ്രമം വേണ്ടിവരുന്ന മേഖലയാണ് ഡബ്ബിംഗ് ഇൻഡസ്ട്രിയെന്നും പല നടന്മാർക്കുവേണ്ടി ശബ്ദം നൽകുമ്പോഴും പല തരത്തിൽ ശബ്ദത്തിനു വ്യത്യാസം വരുത്തേണ്ടതുണ്ടെന്നും അരുൺ പറയുന്നു. കഥാപത്രങ്ങളുടെ വികാരങ്ങളിലൂടെ ഡബ്ബിംഗ് ആർട്ടിസ്റ്റുകളും കടന്നുപോകേണ്ടതുണ്ട്.
സിനിമയിലെ മറ്റ് മേഖലകൾ
അഭിനയം താൽപ്പര്യമുള്ള മേഖലയാണ്. അഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സിനിമയിലെ പല മേഖലകളിലും ജോലി ചെയ്തിട്ടുണ്ട്.
ഡബ്ബിംഗ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും അസോസിയേറ്റായും പ്രൊഡക്ഷൻ മാനേജരും പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചിട്ടുണ്ട്. സിനിമയിലെ ഏതു മേഖലയിലായാലും ജോലി ചെയ്യാൻ ഇഷ്ടമാണ്.
പുതിയ പ്രോജക്ടുകൾ
കിച്ച സുദീപിന്റെ ‘വിക്രാന്ത് റോണ’ എന്ന കന്നട ചിത്രമാണ് പുതിയ പ്രോജക്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റായല്ല, ഡബ്ബിംഗ് ഡയറക്ടായിട്ടാണ് ഈ സിനിമയിൽ പ്രവർത്തിക്കുന്നത്. മുന്‍പ് ആറോളം പ്രോജക്ടുകളിൽ ഡബ്ബിംഗ് ഡയറക്ടായി പ്രവർത്തിച്ചിട്ടുണ്ട്.
നാടും കുടുംബവും
എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിലെ ഏഴിക്കരയാണ് സ്വദേശം. അച്ഛനും അമ്മയും അനുജനുമടങ്ങുന്നതാണ് കുടുംബം.
കാലടി സംസ്കൃത സർവകലാശാലയിൽനിന്ന് തിയറ്ററിൽ എം.എയും എംജി സർവകലാശാല സ്കൂൾ ലെറ്റേഴ്സിൽനിന്ന് തിയറ്ററിൽ എംഫിലും ചെയ്തു.