തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിൽ വ്യത്യസ്ത അഭിപ്രായവുമായി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസർ അസോസിയേഷൻ.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിർദേശത്തിലാണ് കെജിഎംഒഎ ഈ നിലപാട് അറിയിച്ചത്.
ആർടിപിസിആർ ടെസ്റ്റിംഗ് സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോൾ ചെയ്യുന്നത്.
സാമ്പിൾ എടുക്കാനുള്ള മാനവ വിഭവശേഷിയും വകുപ്പിൽ പരിമിതമാണ്.
ഈ വസ്തുതകൾ പരിഗണിക്കാതെ വീണ്ടും കൂട്ട പരിശോധന നടത്താനുള്ള തീരുമാനം ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും എന്ന് ആശങ്കയുണ്ട്്.
പരിശോധന രോഗലക്ഷണമുള്ളവരിലേക്കും അവരുടെ പ്രൈമറി കോൺടാക്ടിലേക്കും തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകളിലേക്കും നിജപ്പെടുത്തണം.
എല്ലാവരും രോഗവ്യാപനം തടയുന്ന പ്രതിരോധ മാർഗങ്ങൾ അവലംബിക്കുന്നു എന്ന് കർശനമായി ഉറപ്പു വരുണം.
ആർടിപിസിആർ ടെസ്റ്റിംഗ് ശേഷി കൂട്ടുവാനുള്ള ലാബ് സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു. കൂടുതൽ ആന്റിജൻ ടെസ്റ്റിംഗ് കിറ്റ് ലഭ്യതയും ഉറപ്പ് വരുത്തണം.
ഹോം ട്രീറ്റ്മെന്റ് പ്രോത്സാഹിപ്പിക്കുകയും വീടുകളിൽ കഴിയാൻ ബുദ്ധിമുട്ടുള്ളവർക്കായി ഡോമിസിലിയറി കെയർ സെന്റർ തുടങ്ങുകയും വേണമെന്ന് കെജിഎംഒഎ മുഖ്യമന്ത്രിക്ക് അയച്ച നിർദേശങ്ങളിൽ പറയുന്നു.