കൊച്ചി: ഹയർസെക്കൻഡറി ഏകീകരണം ശിപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതിയുടെ നടപടി.
ലയനം ദേശീയ വിദ്യാഭ്യാസ നയത്തിന് വിരുദ്ധമാണെന്നും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അധ്യാപകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന നടപടിയാണെന്നും ആരോപിച്ച് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
യോഗ്യത ഇല്ലാത്തവർക്കു ഹയർ സെക്കൻഡറി സ്കൂളുകളിൽ പഠിപ്പിക്കാനും പ്രിൻസിപ്പലാകാനും അവസരമൊരുക്കുന്ന നടപടിക്കാണു ഖാദർ കമ്മിറ്റി റിപ്പോർട്ട് മനസിരുത്താതെ നടപ്പാക്കുന്നതിലൂടെ സർക്കാർ വഴിയൊരുക്കിയിരിക്കതെന്നാണ് ഹർജിക്കാർ വ്യക്തമാക്കുന്നത്.
ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിനു കീഴിലാക്കണമെന്നാണ് കമ്മിറ്റിയുടെ ശിപാർശ. ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ പൊതുവായ ഒരു പരീക്ഷാ കമ്മീഷണറുടെ കീഴിലാക്കാനുമായിരുന്നു തീരുമാനം.