കോഴിക്കോട്: ഉത്സവനാളുകളിലെ റിബേറ്റ് വില്‍പ്പനയിലേക്ക് മാത്രം ഖാദിയെ ഒതുക്കരുതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന് . കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഓണം ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. <br> <br> കുറഞ്ഞ മൂലധന നിക്ഷേപത്തില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുന്നതിന് ഖാദിഗ്രാമ വ്യവസായ മേഖലയ്ക്ക് കഴിയും.
വിപണിയിലെ ഇടപെടല്‍ മെച്ചപ്പെടുത്താല്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ആദ്യവില്‍പ്പന നടത്തി. സമ്മാന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിര്‍വഹിച്ചു.
ഇത്തവണ വിപണിയില്‍ ഇറക്കിയ കുപ്പടം സെറ്റ് മുണ്ടിന്റെ വിതരണം കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ സോണി കോമത്ത് നിര്‍വഹിച്ചു. കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, കോഴിക്കോട് സര്‍വോദയ സംഘം സെക്രട്ടറി എം. പരമേശ്വരന് , കേരള സര്‍വോദയ സംഘം ജനറല്‍ മാനേജര്‍ യു. രാധ കൃഷ്ണന്, കണ്ണൂര്‍ സ വോദയ സംഘം സെക്രട്ടറി കെ.വി. വിജയമോഹനന്‍, ടി. ശ്യാംകുമാര്‍ ഖാദി ബോര്‍ഡ് മെംബര്‍ വേലായുധന് വള്ളിക്കുന്ന്, പ്രോജക്ട് ഓഫീസര്‍ ഷാജി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
മേളയോടനുബന്ധിച്ച് എല്ലാ തുണിത്തരങ്ങള്‍ക്കും 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ് നല്‍കുന്നുണ്ട്. കൂടാതെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 50000 രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സമ്മാന പദ്ധതിയില്‍ വാഗണ്‍ ആര് കാറാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്. രണ്ടാം സമ്മാനം അഞ്ച് പവന്റെ സ്വര്‍ണനാണയവും മൂന്നാം സമ്മാനമായി ഓരോ ജില്ലയിലും രണ്ടുപേർക്ക് ഒരു പവന് വീതവുമാണ് നല്‍കുന്നത്. ഓരോ ആഴ്ചയിലും ജില്ലതോറും 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും മേളയുടെ ഭാഗമായി നല്‍കുന്നുണ്ട്. 24 ന് സമാപിപ്പിക്കുന്ന മേളയുടെ മെഗാ നറുക്കെടുപ്പ് സെപ്റ്റംബര്‍ 19 ന് നടക്കും.