ദുബായ്: രാജ്യാന്തര ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിൽത്തന്നെ മികച്ച പ്രകടനം കാഴ്ചവച്ച് ഇരുപതുകാരനായ ഖലീൽ അഹമ്മദ് ഇന്ത്യയെ ജയത്തിലേക്ക് കൈപിടിച്ചു.
ഹോങ്കോംഗിനെതിരായ ഏഷ്യ കപ്പ് ക്രിക്കറ്റിൽ 10 ഓവറിൽ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകൾ ഖലീൽ വീഴ്ത്തി. ഇതോടെ അരങ്ങേറ്റ ഏകദിനത്തിൽ ഏറ്റവും മികച്ച ബൗളിംഗ് നടത്തിയ ഇന്ത്യൻ ഇടംകൈയൻ പേസർ എന്ന നേട്ടത്തിൽ മുൻ താരമായ സഹീർ ഖാനൊപ്പമെത്തി ഖലീൽ.
2000ൽ കെനിയക്കെതിരെ ഏകദിന അരങ്ങേറ്റത്തിൽ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സഹീർ വീഴ്ത്തി. കുട്ടിക്കാലം മുതൽ ഖലീൽ സഹീറിന്റെ ആരാധകനാണെന്നതും രസകരം. ബാറ്റ്സ്മാനായി കരിയർ ആരംഭിച്ച ഖലീൽ പിന്നീട് ബൗളിംഗിലേക്ക് തിരിയുകയായിരുന്നു
ഇടംകൈയൻ ബൗളർമാരിൽ അരങ്ങേറ്റത്തിൽ ഏറ്റവും മികച്ച പ്രകടനം ദിലീപ് ദോഷിയുടേതാണ്. 1980 ൽ ഓസ്ട്രേലിയയ്ക്കെതിരേ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകൾ ദിലീപ് വീഴ്ത്തി.
ഇന്ത്യ മുന്നോട്ടുവച്ച 286 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഹോങ്കോംഗ് എത്തുമെന്ന് ഒരു ഘട്ടത്തിൽ തോന്നി. ഓപ്പണർമാരായ നിസാകത് ഖാനും (92 റണ്‍സ്) അൻഷുമാൻ റാത്തും (73 റണ്‍സ്) ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 34.1 ഓവറിൽ 174 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. എന്നാൽ, എട്ട് വിക്കറ്റ് നഷ്ടത്തിൽ 259ൽ ഹോങ്കോംഗിന്റെ ഇന്നിംഗ്സ് അവസാനിച്ചു, ഇന്ത്യക്ക് 26 റണ്‍സ് ജയം.