ഡബ്ല്യുഡബ്ല്യുഇ എന്ന ഇടിക്കൂട് ഇഷ്ടപ്പെടുന്ന എല്ലാവര്ക്കും അറിയാവുന്ന പേരുകളില്‍ ഒന്നാണ് “ദി ഗ്രേറ്റ് ഖാലി’.
ഏഴടിയിലധികം ഉയരമുള്ള ഹിമാചല്‍ പ്രദേശുകാരന് ദലീപ് സിംഗ് റാണ എന്ന ഇന്ത്യന്‍ പ്രൊഫഷണല്‍ റെസ്ലറാണ് ഖാലി എന്ന പേരില്‍ അറിയപ്പെടുന്നത്.
എന്നാലിപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ മറ്റൊരു ഖാലിയെ കണ്ടെത്തിയിരിക്കുകയാണ്. ആസാമിലെ ധേമാജി ജില്ലയിലെ ജോനായിയില്‍ നിന്നുള്ള ജിതന്‍ ഡോളി എന്ന അല്ലായിയാണ് ഈ രണ്ടാമത്തെ ഖാലി.
49 കാരനായ ഇദ്ദേഹത്തിന് 6 അടി 8 ഇഞ്ച് ഉയരമുണ്ട്. ഏകദേശം 150 കിലോ ഭാരവുമുണ്ട്.
ജിതന്‍ ഒരു സമയം ഏകദേശം 2-3 കിലോ അരി കഴിക്കാന്‍ കഴിയുമെന്നാണ് വീട്ടുകാര്‍ പറയുന്നത്.
ദിവസേന 2 മുതല്‍ 3 കിലോ വരെ മാംസമോ മത്സ്യമോ, ഉച്ചഭക്ഷണ സമയത്ത് മുപ്പതിലധികം മുട്ടകളൊ ഇദ്ദേഹത്തിന് ആവശ്യമാണ്.
വെറ്റില കര്‍ഷകനാണ് ജിതന്‍ എന്ന അല്ലായി. ആസാമിന്റെ സ്വന്തം ഖാലി എന്നാണ് ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ വിളിക്കുന്നത്. ജിതന്റെ ഉയരവും ശരീരബലവും തങ്ങള്‍ക്കൊരു അനുഗ്രഹമാണെന്ന് ഗ്രാമവാസികള്‍ പറയുന്നു.
കാരണം ഒരു വാഹനം ചെളിയില്‍ കുടുങ്ങിയാല്‍ ക്രെയിന്‍ ഓപ്പറേറ്ററെയല്ല, അല്ലായിയെയാണ് അവര്‍ വിളിക്കുക. അദ്ദേഹം നിസാരമായി ഒരു മോട്ടോര്‍ സൈക്കിള്‍ തന്റെ തോളില്‍ വച്ചുകൊണ്ടുപോകും അല്ലെങ്കില്‍ നാല് ചാക്ക് സിമന്റ് തന്റെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകും.
ദി ഗ്രേറ്റ് ഖാലിയെപ്പോലെ ലോകം അറിയുന്ന ഒരാളായി മാറണമെന്നാണ് ജിതന്റെ മോഹം. എന്നാല്‍ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി അതിന് വിഘാതമായി നില്‍ക്കുകയാണ്.
ഏതായാലും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതിനാല്‍ വൈകാതെ അദ്ദേഹത്തിന്റെ സ്വപ്നം പൂവണിയുമെന്ന വിശ്വാസമാണ് ആളുകള്‍ക്കുള്ളത്.
വൈകാതെ മറ്റൊരു ഇന്ത്യന്‍ റെസ്ലറെ ഡബ്ല്യുഡബ്ല്യുഇയില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഇടിക്കൂടിനെ സ്നേഹിക്കുന്നവര്‍.