കൊച്ചി: കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സംവിധായകരായ ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും സസ്പെന്‍ഡ് ചെയ്തു. ഇരുവരെയും സസ്പെന്‍ഡ് ചെയ്യാന്‍ ഡയറക്ടേഴ്സ് യൂണിയന് ഫെഫ്ക നിര്‍ദേശം നല്കി. ഫെഫ്കയുടെ നടപടിക്ക് നിര്‍മാതാക്കളുടെ സംഘടന പിന്തുണ അറിയിച്ചു. ലഹരിയുമായി സിനിമാസെറ്റില്‍നിന്ന് പിടികൂടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരടക്കം മൂന്നുപേര്‍ എക്സൈസിന്റെ പിടിയിലാകുന്നത്. സംവിധായകനും ഛായഗ്രഹകനുമായ സമീര്‍ താഹിറിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ഫ്ലാറ്റിലിൽ നിന്നാണ് മൂവരേയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 1.5 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇരുവരും വർഷങ്ങളായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് എക്സൈസിനോട് സമ്മതിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു ഫ്ലാറ്റിൽ പരിശോധന നടത്തിയത്. ഉപയോഗത്തിന് വേണ്ടി എത്തിച്ച കഞ്ചാവാണെന്ന് എക്സൈസ് വ്യക്തമാക്കി.