കൊച്ചി: സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കഞ്ചാവുമായി രണ്ട് പ്രമുഖ സിനിമ സംവിധായകർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തല്ലുമാല സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ, തമാശ സിനിമയുടെ സംവിധായകൻ അഷ്റഫ് ഹംസ എന്നിവരാണ് പിടിയിലായത്.
സംവിധായകനും ഛായഗ്രഹകനുമായ സമീര്‍ താഹിറിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ഫ്ലാറ്റിലിൽ നിന്നാണ് മൂവരേയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 1.5 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇരുവരും വർഷങ്ങളായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് എക്സൈസിനോട് സമ്മതിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു ഫ്ലാറ്റിൽ പരിശോധന നടത്തിയത്. ഉപയോഗത്തിന് വേണ്ടി എത്തിച്ച കഞ്ചാവാണെന്ന് എക്സൈസ് വ്യക്തമാക്കി.
ആലപ്പുഴ ജിംഖാന ഉൾപ്പെടെ ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ.