ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണി സന്ദേശവുമായി ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂ. ഡിസംബർ 13നോ അതിനുമുന്‍പോ പാർലമെന്റ് ആക്രമിക്കുമെന്നാണ് ഭീഷണി. വീഡിയോയിലൂടെയാണ് പന്നൂൻ ഭീഷണി സന്ദേശം പുറത്തുവിട്ടത്. ഡൽഹി ഖാലിസ്ഥാൻ ആകും എന്ന പേരിലാണ് വീഡിയോ സന്ദേശം.
നേരത്തെയും ഇത്തരത്തിലുള്ള ഭീഷണികൾ പന്നൂൻ നടത്തിയിട്ടുണ്ട്. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികമാണ് ഡിസംബർ 13ന്.
ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിന്റെ “ഡൽഹി ബനേഗാ ഖലിസ്ഥാൻ’ (ഡൽഹി ഖാലിസ്ഥാനായി മാറും) എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്ററോടു കൂടിയ വീഡിയോയിൽ തന്നെ വധിക്കാനുള്ള ഇന്ത്യൻ ഏജൻസികളുടെ ഗൂഢാലോചന പരാജയപ്പെട്ടെന്നും പന്നൂൻ പറയുന്നുണ്ട്.
പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് പന്നൂന്റെ ഭീഷണി. ഡിസംബർ 22 വരെയാണു സമ്മേളനം. ഭീഷണിയെ തുടർന്ന് ഡൽഹി പൊലീസ് അതീവ ജാഗ്രതയിലാണ്.