ബിജെപിയുടെ പരിപാടിക്ക് ഉദ്ഘാടനത്തിനു പോകുകയും അനുകൂലമായി പ്രസംഗിക്കുകയും ചെയ്തതിന് വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട ഖമറുന്നീസ അന്‍വര്‍ ബിജെപി പാളയത്തിലേക്ക് ചേക്കേറാനൊരുങ്ങുന്നുവെന്ന് സൂചന. വനിതാ ലീഗിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ടതോടെ ഖമറുന്നീസയുടെ മകന്‍ ലീഗ് നേതാക്കള്‍ക്കെതിരേ പരസ്യമായി പൊട്ടിത്തെറിച്ചിരുന്നു. ലീഗ് നേതാക്കള്‍ വ്യഭിചാരികളും സ്വവര്‍ഗരതിക്കാരുമാണെന്നും അവരുടെ പൊയ്മുഖം പൊളിച്ചടുക്കുമെന്നും മകന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഇതെല്ലാം ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനകളാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്.
ഖമറുന്നീസയെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുസ്‌ലീം സമുദായത്തില്‍ മികച്ച ജനപിന്തുണയുള്ള ഏക വനിതാ നേതാവാണ് ഖമറുന്നീസ. സമുദായത്തിലെ സ്ത്രീകള്‍ക്കിടയില്‍ ബിജെപിക്കുള്ള നെഗറ്റീവ് ഇമേജ് മാറ്റിയെടുക്കാനും ഖമറുന്നീസയുടെ വരവ് ബിജെപിയെ സഹായിക്കും. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ജനകീയ മുഖമായിരുന്ന, പിന്നീട് ബിജെപിയിലേക്ക് ചുവടുമാറ്റിയ നജ്മ ഹെപ്ത്തുള്ളയെ പോലെ ഖമറുന്നീസയ്ക്കും കേന്ദ്രത്തില്‍ മികച്ച പദവി കൊടുക്കാനും പാര്‍ട്ടി ഒരുക്കമാണ്. ഖമറുന്നീസയുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത് സുരേഷ് ഗോപി എംപിയെയാണ്. ന്യൂനപക്ഷ കമ്മിഷന്‍ അംഗം, അല്ലെങ്കില്‍ സര്‍ക്കാറിന്റെ കീഴിലെ മറ്റേതെങ്കിലും വിഭാഗത്തിലേക്കോ പരിഗണിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
ഖമറുന്നീസയെ പോലെ കേരളത്തിലെ ഏറ്റവും വലിയ മുസ്ലീം സമുദായ പാര്‍ട്ടിയുടെ വനിതാ വിഭാഗം പ്രസിഡന്റ് ബിജെപി പാളയത്തിലെത്തിയാല്‍ രാജ്യവ്യാപകമായി തന്നെ അത് വലിയ പ്രചരണമാക്കി മാറ്റി ന്യൂനപക്ഷങ്ങളില്‍ പ്രതിപക്ഷം ആരോപിക്കുന്ന ‘ഭീതിയകറ്റാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണത്രെ ബിജെപി നേതൃത്വം. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും എംപിമാരെ പ്രതീക്ഷിക്കുന്ന ബിജെപി, ഖമറുന്നീസ പാര്‍ട്ടിയോട് കൂടുതല്‍ സഹകരിക്കുകയാണെങ്കില്‍ അത് തെരഞ്ഞെടുപ്പില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ്. വനിതാ നേതാവാണെന്നതിനാല്‍ പദവികള്‍ നല്‍കുന്നതിന് മറ്റു വലിയ തടസമുണ്ടാകില്ലെന്നതും ബിജെപിയുടെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്. ബിജെപിയിലേക്ക് ഖമറുന്നീസ കടന്നു വന്നാല്‍, ഇത്തവണയല്ലങ്കിലും മോദിയുടെ രണ്ടാമൂഴത്തില്‍ അവര്‍ക്ക് തീര്‍ച്ചയായും ബിജെപി പരിഗണന നല്‍കുമെന്ന് തന്നെയാണ് രാഷട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് സാമൂഹിക ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണായിരുന്നു. തിരൂരില്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്ത ഖമറുന്നീസ ബിജെപി കേരളത്തില്‍ വളരെ വേഗത്തില്‍ വളരുന്ന പാര്‍ട്ടിയാണെന്നും നാടിന്റെ വികസനത്തിനും നാട്ടുകാരുടെ നന്മക്കും ബിജെപിക്ക് ഏറെ ചെയ്യാനാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
എംഇഎസ്, മുജാഹിദ് വിഭാഗങ്ങളിലും ശക്തമായ സ്വാധീനവും ഭാരവാഹിത്വവുമുള്ള നേതാവാണ് ഖമറുന്നീസ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതാ സംവരണം വരുന്നതു മുന്‍കൂട്ടി കണ്ടാണ് കാല്‍ നൂറ്റാണ്ട് മുന്പ് വനിതാ ലീഗ് രൂപീകരിച്ചത്. അന്നു മുതല്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുകയാണിവര്‍. മുസ്‌ലിം ലീഗ് നിയമസഭയിലേക്കു മത്സരിപ്പിച്ച ഏക വനിതാ സ്ഥാനാര്‍ഥിയും ഖമറുന്നീസയാണ്. സാമൂഹിക ക്ഷേമ വകുപ്പ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം രണ്ടുതവണ വഹിച്ച ഖമറുന്നീസ ഇപ്പോള്‍ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണാണ്. കേന്ദ്ര സാമൂഹിക ക്ഷേമ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചു വരുന്നു.