തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സംഭവ വികാസങ്ങള്‍ എസ്എഫ്ഐയ്ക്ക് കനത്ത തിരിച്ചടിയായെങ്കിലും മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് അത് ഗുണം ചെയ്തു. 18 വര്‍ഷത്തിനു ശേഷം കെഎസ് യു യൂണിറ്റ് രൂപീകരിച്ചതിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എഐഎസ്എഫും കോളജില്‍ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
ഇതിന്റെ ഭാഗമായി എഐഎസ്എഫിന്റെ ദേശീയ ആവേശമായ കനയ്യകുമാറിനെ കളത്തിലിറക്കാനുള്ള പദ്ധതിയിലാണ് സംഘടന. ഇന്ന് യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസില്‍ യൂണിറ്റ് സമ്മേളനം നടത്തുന്നതിന്റെ തുടര്‍ച്ചയായി സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗവും യുവജന നേതാവുമായ കനയ്യകുമാറിനെ കോളേജില്‍ എത്തിച്ച് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനാണ് എഐഎസ്എഫ് നേതൃത്വം പരിപാടിയിടുന്നത്.
ഇതിന്റെ ഭാഗമായി എഐഎസ്എഫ് നേതൃത്വം കനയ്യയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കനയ്യകുമാര്‍ അനുകൂലമായി പ്രതികരിച്ചതായും വിവരമുണ്ട്. എന്നാല്‍, സിപിഎം നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്ന കനയ്യ തിരുവനന്തപുരത്ത് എത്തുമോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ട്. അതേസമയം വിദ്യാര്‍ത്ഥി സംഘടനയ്ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്ന വിഷയത്തില്‍ വിശാലമായ കാഴ്ച്ചപ്പാട് വേണമെന്നാണ് കനയ്യയുടെ ആവശ്യം അതുകൊണ്ട് കനയ്യ എത്തിയേക്കുമെന്നുതന്നെയാണ് വിവരം.
അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തെ തുടര്‍ന്ന് അടച്ചിട്ട യൂണിവേഴ്സിറ്റി കോളേജ് ഇന്നാണ് തുറന്നത്. സംഭവം നടന്ന് ഉടനെ തന്നെ ആരോപണവിധേയമായ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് നേതൃത്വം പിരിച്ചുവിട്ടിരുന്നു. ഇത്തരത്തിലുള്ള അക്രമസംഭവങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു എസ്എഫ്ഐ നേതൃത്വത്തിന്റെ ഇടപെടല്‍.
കോളേജില്‍ മറ്റു സംഘടനകളെ പ്രവര്‍ത്തിക്കാന്‍ എസ്എഫ്ഐ അനുവദിച്ചിരുന്നില്ല. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ക്യാമ്പസില്‍ യൂണിറ്റ് രൂപീകരിച്ചെന്ന് പ്രഖ്യാപിച്ചായിരുന്നു എഐഎസ്എഫ് രംഗത്തുവന്നത്. യൂണിറ്റ് ഭാരവാഹികളെയും പ്രഖ്യാപിച്ച് കോളേജിലെ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാന്‍ പോകുന്നു എന്ന സന്ദേശമാണ് എഐഎസ്എഫ് നല്‍കിയത്.
ഇതിന്റെ തുടര്‍ച്ചയായാണ് എഐഎസ്എഫിന്റെ പുതിയ നീക്കങ്ങള്‍. ഇന്ന് ക്യാമ്പസില്‍ യൂണിറ്റ് സമ്മേളനം നടത്തി സംഘടനയുടെ ശക്തി വിളിച്ചോതുന്നതിനൊടൊപ്പം പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കനയ്യകുമാറിനെ ക്യാമ്പസില്‍ എത്തിക്കാനുള്ള തീരുമാനം നേതൃത്വം കൈക്കൊണ്ടത്. ഓഗസ്റ്റ് രണ്ടിന് എഐഎസ്എഫിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കനയ്യകുമാര്‍ കേരളത്തില്‍ എത്തുന്നുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി കനയ്യകുമാറിനെ ക്യാമ്പസില്‍ എത്തിക്കാനാണ് നേതൃത്വം പദ്ധതിയിടുന്നത്.
ഇതിലുടെ കൂടുതല്‍ വിദ്യാര്‍ത്ഥികളെ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ക്യാമ്പസില്‍ സംഘടനയുടെ കൊടിമരം നാട്ടുമെന്നും എഐഎസ്എഫ് അറിയിച്ചിട്ടുണ്ട്.
കനയ്യയുടെ വരവോടെ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയില്‍ നിന്നും കൂടുതല്‍ പേര് എഐഎസ്എഫില്‍ എത്തുമെന്നും നേതൃത്വം കണക്കു കൂട്ടുന്നു. ജെഎന്‍യുവില്‍ എസ്എഫ്ഐക്കെതിരെ മത്സരിച്ച് യൂണിവേഴ്സിറ്റി യൂണിയന്റെ ചെയര്‍മാനായ വ്യക്തിയാണ് കനയ്യ കുമാര്‍. അന്ന് എസ്എഫ്ഐയുടെ കുത്തക തകര്‍ക്കുകയായിരുന്നു കനയ്യ ചെയ്തത്. ഇതേ പദ്ധതി യൂണിവേഴ്സിറ്റി കോളജിലും നടപ്പിലാക്കുകയാണ് എഐഎസ്എഫ് ലക്ഷ്യമിടുന്നത്.
ഇവിടെ എഐഎസ്എഫ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമ്പോള്‍ അത് ക്ഷീണം ചെയ്യുക എസ്എഫ്ഐക്ക് തന്നെയാണ്. കഴിഞ്ഞ ആഴ്ച്ച എസ്എഫ്ഐ സംഘടിപ്പിച്ച അവകാശ പത്രികയില്‍ എസ്എഫ്ഐ അംഗങ്ങള്‍ ആവേശത്തോടെ ഏറ്റുപാടിയത് കനയ്യ കുമാറിന്റെ ആസാദി സോംഗ് ആയിരുന്നു. അതില്‍ നിന്നു തന്ന കനയ്യയോട് കേരളത്തിലെ യുവതയുടെ ആവേശം എത്രത്തോളമുണ്ടെന്ന് വ്യക്തമാണ്.
ജില്ലയില്‍ സംഘടനയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് എസ്എഫ്ഐയ്ക്ക് സര്‍വ്വാധിപത്യമുള്ള ക്യാമ്പസുകളായ തിരുവനന്തപുരം സംസ്കൃത കോളേജ്, ആര്‍ട്സ് കോളേജ് എന്നിവിടങ്ങളിലും യൂണിറ്റ് രൂപീകരിക്കാന്‍ എഐഎസ്എഫ് തീരൂമാനിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ കിട്ടിയ അവസരം മുതലെടുത്ത് എസ്എഫ്ഐയുടെ ശക്തികേന്ദ്രങ്ങള്‍ പിടിച്ചെടുക്കാന്‍ തന്നെയാണ് എഐഎസ്എഫ് തീരുമാനിച്ചിരിക്കുന്നത്.