കൊച്ചി: കൊച്ചിയിൽ വൻ ലഹരി ഇല വേട്ട. കഞ്ചാവിനു സമാനമായി ആഫ്രിക്കൻ രാജ്യങ്ങളിൽ വളരുന്ന ഖാട്ട് ലഹരിച്ചെടിയുടെ ഉണങ്ങിയ ഇലകളാണ് കൊച്ചിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. എത്യോപ്യയിൽ നിന്നാണ് കോടികൾ വിലവരുന്ന ഖാട്ട് ഇലയുടെ വൻശേഖരം കൊച്ചിയിൽ എത്തിയത്. 180 കിലോഗ്രാമാണു പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ കൊല്ലം സ്വദേശി ഗിരീഷിനെ കസ്റ്റംസിന്റെ പ്രിവന്റീവ് കമ്മീഷണറേറ്റ് കസ്റ്റഡിയിലെടുത്തു.
രണ്ടു ദിവസം മുന്പാണ് തപാൽ വകുപ്പിന്റെ എറണാകുളം ചിറ്റൂർ റോഡിലുള്ള വിദേശ തപാൽ ഓഫീസിൽ ഗിരീഷിന്റെ പേരിൽ എത്യോപ്യയിൽനിന്ന് ഒന്പത് വലിയ കാർട്ടൂണുകളിലായി പാർസലെത്തിയത്. വിതരണത്തിനായി തപാൽവകുപ്പ് ഏറ്റുവാങ്ങിയ പാർസലിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഖാട്ട് ലഹരിഇലകൾ കണ്ടെത്തുകയായിരുന്നു. ഉണക്കിയരീതിയിലുള്ള ഖാട്ട് ഇല കേരളത്തിൽ ആദ്യമായാണ് പിടിച്ചെടുക്കുന്നത്.
കാത്തിനോണ്, കാത്തെയ്ൻ തുടങ്ങിയ രാസവസ്തുകൾ അടങ്ങിയാതാണ് ഖാട്ട് ഇല. ഡൽഹിയിലേക്ക് കൊണ്ടുപോകാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നു കസ്റ്റംസ് സൂപ്രണ്ട് ആർ. പ്രതാപ് കുമാർ പറഞ്ഞു. ഗിരീഷിനെ പ്രിവന്റീവ് കമ്മീഷണറേറ്റ് സൂപ്രണ്ട് പത്മരാജന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തു. ഗിരീഷിന്റെ ബന്ധുവും കുവൈറ്റിൽ ജോലിക്കാരനുമായ സന്ദീപാണ് മയക്കുമരുന്ന് അയച്ചതെന്നാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കസ്റ്റഡിയിലെടുക്കും.
സൂപ്രണ്ട് കെ. കൃഷ്ണകുമാർ, എക്സാമിനർമാരായ എ.കെ. രശ്മി, സമീർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അശോക് എന്നിവരുടെ നേതൃത്വത്തിലാണ് ഖാട്ട് ഇല പിടികൂടിയത്. ഖാട്ടിന്റെ അമിത ഉപയോഗം വിഷാദം, ഉറക്കമില്ലായ്മ, വന്ധ്യത, ആക്രമണോത്സുകത, വയർ-വായ് കാൻസർ, ദഹനക്കുറവ് എന്നിവയ്ക്ക് ഇടയാക്കും.
എത്യോപ്യ, സൊമാലിയ, കെനിയ എന്നിവിടങ്ങളിൽ നിയമവിധേയമായി കൃഷി ചെയ്യുന്ന ഖാട്ട് അമേരിക്ക, ചൈന എന്നിവിടങ്ങളിൽ നിരോധിച്ചിട്ടുണ്ട്. ലഹരിക്കായി പച്ചയില നേരിട്ട് ചവച്ച് കഴിച്ചും ഉണങ്ങിയ ഇല ചൂടുവെള്ളത്തിൽ കലക്കി ചായ പോലെയാക്കിയുമാണ് ഉപയോഗിക്കുന്നത്. വിനോദത്തിനും ഒൗഷധത്തിനും ഉപയോഗിക്കുന്ന ഖാട്ട് കഞ്ചാവ് പോലെ മയക്കുമരുന്നായും ഉപയോഗിക്കുന്നതായി കസ്റ്റംസ് അധികൃതർ പറഞ്ഞു.