പ്രളയക്കെടുതിയുടെ തീവ്രത വലിയ രീതിയില്‍ കുറയ്ക്കാനും കേരളത്തെ അതില്‍ നിന്ന് രക്ഷിക്കാനും പരിശ്രമിച്ച അനേകമാളുകളില്‍ ഏറ്റവും കൂടുതല്‍ പ്രശംസ ഏറ്റുവാങ്ങിയവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. വെള്ളപ്പൊക്കത്തില്‍ വീടുകളില്‍ കുടുങ്ങിപ്പോയ ലക്ഷക്കണക്കിനാളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലെത്തിക്കാന്‍ അവര്‍ നടത്തിയ പ്രയത്‌നങ്ങള്‍ ഒരു കാലത്തും മറക്കാനാവാത്തതാണ്.
ഇത്തരത്തില്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികളെ പ്രകീര്‍ത്തിക്കുകയാണ് സംസ്ഥാനം. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ഇവര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. കൂടാതെ തകര്‍ന്ന ബോട്ടുകള്‍ നന്നാക്കി നല്‍കാമെന്ന് അവര്‍ക്ക് ഉറപ്പും നല്‍കി.
എന്നാല്‍ കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പ്രത്യുപകാരമായി പണം വേണ്ട എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫോര്‍ട്ടുകൊച്ചിക്കാരനായ മത്സ്യത്തൊഴിലാളി ഖായിസ് മുഹമ്മദ്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഖായിസ് സ്നേഹത്തോടെ പണം നിരസിച്ചത്.
ഖായിസ് മുഹമ്മദിന്റെ വാക്കുകള്‍ ഇങ്ങനെ…
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാര്‍ അറിയുന്നതിന്, എന്റെ പേര് ഖായിസ്. എന്റെ വീട് ഫോര്‍ട്ട് കൊച്ചിയിലാണ്. ഞാനൊരു മത്സ്യത്തൊഴിലാളിയുടെ മകനാണ്. എന്റെ വാപ്പ പണിയെടുത്തത് ഹാര്‍ബറിലാണ്. ആ പൈസ കൊണ്ടാണ് ഞാനും എന്റെ കുടുംബവും അനിയനും എല്ലാം ജീവിച്ചത്.
ഞാനും എന്റെ മത്സ്യത്തൊഴിലാളികളായ സുഹൃത്തുക്കളും ഇവിടുന്ന് ബോട്ടെടുത്ത് പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ വേണ്ടി പോയിരുന്നു. അതില്‍ പങ്കെടുത്തതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. പക്ഷേ ഞാന്‍ കേട്ടിരുന്നു, സാര്‍ പറയുന്നത് ഞങ്ങളാണ് സാറിന്റെ സൈന്യമെന്ന്, മത്സ്യത്തൊഴിലാളികളാണ് സാറിന്റെ സൈന്യമെന്ന്.
അതിന് ഞാനൊരുപാട് അഭിമാനിച്ചു. എന്നാല്‍ പിന്നീട് ഞാനറിഞ്ഞു രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് 3000 രൂപ വച്ച് കൊടുക്കുന്നുണ്ടെന്ന്. വളരെ സങ്കടത്തോടെ പറയുന്നു, ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിന് കാശ് ഞങ്ങള്‍ക്ക് വേണ്ട.
സാര്‍ മറ്റൊരു കാര്യം പറഞ്ഞിരുന്നു, ഞങ്ങളുടെ കേടായ ബോട്ടുകളെല്ലാം നന്നാക്കി തരുമെന്ന്. അത് നല്ലൊരു കാര്യമാണ്. കാരണം ഞങ്ങള്‍ക്ക് മറ്റ് ഉപജീവന മാര്‍ഗങ്ങള്‍ ഒന്നുമില്ല. അതല്ലാതെ ഞങ്ങളുടെ കൂടപ്പിറപ്പുകളെ, ഞങ്ങളുടെ സൗഹൃദങ്ങളെ രക്ഷിച്ചതിനുള്ള കാശ് ഞങ്ങള്‍ക്കുവേണ്ട. ഇത്രയും പറഞ്ഞുകൊണ്ട് എല്ലാ ആദരവോടും നന്ദിയോടും ഞാന്‍ നിര്‍ത്തുന്നു’.