ന്യൂഡൽഹി: ശാരീരിക പരിമിതികൾ മറികടന്ന് കായിക ലോകത്ത് നേട്ടങ്ങൾ കൊയ്ത ദേവേന്ദ്ര ജജാരിയയ്ക്ക് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം. പാരാലിന്പിക്സിൽ രണ്ടു തവണ സ്വർണമെഡൽ ജേതാവായ ജജാരിയ ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനാണ്. മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ സർദാർ സിംഗിനും കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേൽരത്ന ലഭിച്ചു.
ജാവലിൻ ത്രോയിൽ അപൂർവ സുവർണ നേട്ടം കൈരവിച്ച ദേവേന്ദ്ര ജജാരിയയെ റിട്ടയേർഡ് ജസ്റ്റീസ് സി.കെ. താക്കൂർ അധ്യക്ഷനായ കമ്മിറ്റി ഖേൽരത്ന പുരസ്കാരത്തിനായി നിസംശയം തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാമതായാണു സർദാർ സിംഗിനെ പരിഗണിച്ചതെങ്കിലും പിന്നീട് പുരസ്കാരും ഇരുവർക്കും നൽകാൻ തീരുമാനിച്ചു.
പുരസ്കാര പ്രഖ്യാപനങ്ങൾ പിന്നീട് കേന്ദ്ര കായിക മന്ത്രാലയം ഒൗദ്യോഗികമായി പ്രഖ്യാപിക്കും. പി.ടി. ഉഷ, വിരേന്ദർ സെവാഗ് എന്നിവരും സമിതി അംഗങ്ങളാണ്. ക്രിക്കറ്റ് താരങ്ങളായ ചേതേശ്വർ പൂജാര, ഹർമൻ പ്രീത് കൗർ എന്നിവർ ഉൾപ്പടെ 17 കായിക താരങ്ങളെ അർജുന അവാർഡിനായി തെരഞ്ഞെടുത്തു.
അതേസമയം, ഏറെ സാധ്യത കൽപിക്കപ്പെട്ടിരുന്ന ദേശീയ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന് പുരസ്കാരം ലഭിച്ചില്ല. ബിസിസിഐ കേന്ദ്ര കായിക മന്ത്രാലയത്തിന് മിതാലിയുടെ പേര് നിർദേശിച്ചില്ല. ദേശീയ കായികദിനമായ ഈ മാസം 29ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ഹരിയാന സ്വദേശിയായ സർദാർ സിംഗ് 2015 ൽ പദ്മശ്രീ പുരസ്കാരത്തിനും അർഹനായിരുന്നു. 2004ൽ ആഥൻസ് പാരാലിന്പിക്സിലും 2006ൽ റിയോ പാരാലിന്പിക്സിലുമാണ് ജജാരിയ സ്വർണം നേടിയത്. 2004ൽ അർജുന അവാർഡും 2012ൽ പത്മശ്രീയും ലഭിച്ചു. എട്ടാം വയസിൽ മരം കയറുന്നതിനിടെ ഷോക്കേറ്റ് ഇടതു കൈ നഷ്ടപ്പെട്ടതാണ് ജഝാരിയക്ക്.
ബോക്സിംഗ് താരം മനോജ് കുമാർ പാരലിന്പിക്സ് താരങ്ങളായ ദീപാ മാലിക്, മാരിയപ്പൻ തങ്കവേലു, വരുണ്‍ ഭാട്ടി എന്നിവരെ പിന്തള്ളിയാണ് ഇവർ ഖേൽ രത്ന പുരസ്കാരത്തിനർഹരായത്. ഏറെ സാധ്യത കൽപ്പിച്ച മലയാളി നീന്തൽ താരം സാജൻ പ്രകാശിനെ അവാർഡിനു പരിഗണിച്ചില്ല.
അർജുന ലഭിച്ച മറ്റു താരങ്ങൾ
കുശ്ബീർ കൗർ, ആരോക്യ രാജീവ് (അത്ലറ്റിക്സ്്), മാരിയപ്പൻ തങ്കവേലു, വരുണ്‍ ഭാട്ടി ( പാരാ അത്ലറ്റ്), പ്രശാന്തി സിംഗ് ( ബാസ്കറ്റ് ബോൾ), എൽ. ദേവേന്ദ്രോ സിംഗ് (ബോക്സിംഗ്), ഒയിനാം ബേംബേം (ഫുട്ബാൾ), എസ്.എസ്.പി. ചൗരസ്യ (ഗോൾഫ്), എസ്.വി സുനിൽ (ഹോക്കി) ജസ്വിർ സിംഗ് (കബഡി), പി.എൻ പ്രകാശ് (ഷൂട്ടിംഗ്), എ. അമൽരാജ് (ടേബിൾ ടെന്നീസ്), സാകേത് മൈനേനി (ടെന്നീസ്), സത്യവർത് കാഡിയൻ (റെസലിംഗ്), വി.ജെ. സുരേഖ (അന്പെയ്ത്ത്).