ജോസ് കുന്പിളുവേലിൽ
ബ്രസൽസ്: ബ്രസൽസിലെ ജീവനക്കാരിൽനിന്ന് ഒൗദ്യോഗിക സന്ദർശന വേളയിൽ ലഭിച്ച സ്വീകരണം വേറിട്ടതായി. ബെൽജിയം തലസ്ഥാനമായ ബ്രസൽസിലെ സെന്റ് പീറ്റർ ആശുപത്രി ജീവനക്കാർ, നിരനിരയായി പുറം തിരിഞ്ഞുനിന്നാണ് ഇവിടം സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി സോഫി വിൽമസിനെ സ്വീകരിച്ചത്.
രാജ്യത്തെ ആദ്യ കോവിഡ് രോഗിയെത്തൊട്ടു ചികിത്സിച്ചു വരുന്ന ആദ്യ കോവിഡ് റഫറൻസ് ആശുപത്രിയാണ് സെന്റ് പീറ്റർ. ഇവിടം കൂടാതെ ഡെൽറ്റ ആശുപത്രിയും പ്രധാനമന്ത്രി സന്ദർശിച്ചെങ്കിലും അവിടെ ഇത്തരത്തിലുള്ള പ്രതികരണമുണ്ടായില്ല.
കടുത്ത സമ്മർദത്തിലുള്ള ജീവനക്കാർക്ക് ഒരുപാടു കാര്യങ്ങൾ പ്രതിഫലിപ്പിക്കാനുണ്ടാകുമെന്ന് ആശുപത്രി അധികൃതരുടെ പ്രതികരണം. ജീവനക്കാർക്കു വിമർശനം പരസ്യമായി ഉന്നയിക്കാൻ അനുവാദമില്ലാത്തതിനാൽ ആരും മറ്റു പ്രതികരണങ്ങൾക്കു മുതിർന്നില്ല.
ബെൽജിയത്തു തുടക്കം മുതൽ കൊറോണ വൈറസ് സ്ഥിരീകരിച്ച കേസുകളുടെ റഫറൻസ് കേന്ദ്രമാണ് ആശുപത്രി. ബെൽജിയത്തിന്റെ ആദ്യത്തെ കൊറോണ വൈറസ് രോഗിയായ ഫിലിപ്പ് സൂബ്രി ചൈനയിലെ വുഹാനിൽനിന്നു മടങ്ങിയെത്തിയപ്പോൾ അവിടെ ചികിത്സ തേടിയിരുന്നു.
എന്നാൽ, രാജ്യത്തു കേസുകളുടെ എണ്ണം വർധിച്ചതോടെ മറ്റ് ആശുപത്രികളിലും ചികിത്സ തുടങ്ങി. അതേസമയം, പ്രതിസന്ധി തുടങ്ങിയ ശേഷം ആദ്യമായി ഒരു ആശുപത്രി സന്ദർശിക്കാൻ ഇത്രയും വൈകിയതിലുള്ള അമർഷമാണ് ജീവനക്കാർ പ്രകടിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്.
പ്രധാനമന്ത്രിയുടെ കാർ സെന്റ് പീറ്റർ ഹോസ്പിറ്റൽ കോന്പൗണ്ടിൽ പ്രവേശന കവാടത്തിലേക്കു പോകുന്പോൾ, കവാടത്തിനു മുന്നിൽ അണിനിരന്ന ആരോഗ്യസംരക്ഷണ പ്രവർത്തകരുടെ ഇരട്ടനിര അവരുടെ വരവിനെ അനാദരിച്ചു.
പരിശീലനം ലഭിച്ച പ്രഫഷണലുകൾക്കു പണം നൽകുന്നതിനു പകരം നഴ്സിംഗ് ഉദ്യോഗസ്ഥർക്കു പിന്തുണ നൽകുന്നതിനു യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള സർക്കാർ ശ്രമങ്ങളെക്കുറിച്ചുള്ള അതൃപ്തിയും അവർ പ്രകടിപ്പിച്ചു.
11 ദശലക്ഷത്തിലധികം ആളുകൾ ജീവിക്കുന്ന രാജ്യമായ ബെൽജിയത്തിൽ ഇതുവരെ 55,000ൽ ഏറെ പേരെ വൈറസ് ബാധിച്ചു കഴിഞ്ഞു. 9,000 ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്ളോവേനിയ കൊറോണമുക്തം.