സുഡാനില്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിന്റെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. ഇതോടെ മൂന്നു ദശകം നീണ്ട ഏകാധിപത്യത്തിനാണ് അന്ത്യമായത്. സൈന്യം ഇടക്കാല കൗണ്‍സില്‍ രൂപീകരിക്കാനുള്ള നടപടികള്‍ തുടങ്ങി. അധികാരഭ്രഷ്ടനായ ബഷീറിനെ (75) സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയതായി സൈനിക നേതൃത്വം അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന ഉത്തര ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ ഇന്ധനവിലക്കയറ്റത്തിനും കറന്‍സി ക്ഷാമത്തിനും പിന്നാലെ മുഖ്യ ഭക്ഷ്യവിഭവമായ ഖുബൂസിനു (ഒരുതരം ഗോതമ്പ് റൊട്ടി) വില കൂട്ടുകയും ചെയ്തതോടെ ജനരോഷം അണപൊട്ടുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച പ്രക്ഷോഭം ഒരാഴ്ചയായി കൂടുതല്‍ ശക്തമാവുകയും സൈനിക ആസ്ഥാനത്തിനു മുന്നിലേക്ക് പ്രക്ഷോഭവേദി മാറ്റുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണു സൈനിക അട്ടിമറി.
ബഷീറിനെ പുറത്താക്കിയെന്ന വാര്‍ത്ത പരന്നതോടെ ഖാര്‍ത്തൂമിലെ തെരുവുകളിലിറങ്ങിയ ആയിരങ്ങള്‍ ആഹ്ലാദനൃത്തം ചവിട്ടി. ജനകീയ സര്‍ക്കാര്‍ വരണമെന്നും സൈനിക ഭരണം അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ പ്രസ്താവിച്ചു. ജനകീയ പ്രാതിനിധ്യമുള്ള ഇടക്കാല കൗണ്‍സില്‍ രൂപീകരിക്കുമെന്നു വ്യക്തമാക്കിയ സൈന്യം 3 മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭരണഘടന മരവിപ്പിച്ചു. പാര്‍ലമെന്റ് പിരിച്ചുവിട്ടു. വിമാനത്താവളങ്ങളും താല്‍ക്കാലികമായി അടച്ചു. ചൊവ്വാഴ്ച സൈനിക ആസ്ഥാനത്തിനു മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ 6 സൈനികരടക്കം 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.
1989ലാണ് മുന്‍ സൈനികന്‍ കൂടിയായ ബഷീര്‍ അട്ടിമറിയിലൂടെ ഭരണം പിടിക്കുന്നത്. സുഡാനിലെ ഡാര്‍ഫര്‍ മേഖലയില്‍ 2003 ല്‍ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തില്‍ 3 ലക്ഷം പേരാണു കൊല്ലപ്പെട്ടത്. ഡാര്‍ഫറിലെ വംശഹത്യയുടെ പേരില്‍ ഹേഗിലെ രാജ്യാന്തര കോടതി ബഷീറിനെതിരെ കുറ്റം ചുമത്തി അറസ്റ്റ് വാറന്റ് നല്‍കിയതാണ്.
ദക്ഷിണ മേഖലയിലെ വിമതരുമായി വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവില്‍ 2011 ല്‍ ദക്ഷിണ സുഡാന്‍ സ്വതന്ത്രമായി. ഇതോടെ എണ്ണസമ്പത്തില്‍ 70 ശതമാനവും നഷ്ടമായി. പാശ്ചാത്യ ഉപരോധം നേരിടുന്ന സുഡാന്‍ ഭീകരതയെ പിന്തുണയ്ക്കുവെന്നാണ് യുഎസിന്റെ ആരോപണം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ബഷീര്‍ ഭരണകൂടം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെങ്കിലും രാജ്യാന്തര ഒറ്റപ്പെടല്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെ അപ്പാടെ തകര്‍ക്കുകയായിരുന്നു. ഒടുക്കം പ്രക്ഷോഭവും പട്ടാള അട്ടിമറിയും.