വര്‍ഷം 16 എന്ന സിനിമ 1988ലാണ്. അതുകഴിഞ്ഞു രണ്ടു വര്‍ഷം ഞാനും കാർത്തികും ഒരുമിച്ച് സിനിമ ചെയ്തില്ല. കാരണം ഞാനും കാര്‍ത്തികും തമ്മില്‍ അന്നു വലിയ വഴക്കിലാണ്. പരസ്പരം മിണ്ടില്ല. അതെന്തിനായിരുന്നു വഴക്കെന്ന് ഇന്ന് ആലോചിച്ചാല്‍ രണ്ട് പേര്‍ക്കും ഓര്‍മയുണ്ടാവില്ല. ആ വഴക്കില്‍ ഞങ്ങള്‍ പരസ്പരം സംസാരിക്കുന്നത് വരെ നിര്‍ത്തി.
വര്‍ഷം 16 ഹിറ്റായതിന് ശേഷവും വരുന്ന സിനിമകളില്‍ ഹീറോ കാര്‍ത്തിക് ആണെന്ന് അറിഞ്ഞാല്‍, ഇല്ല സര്, ഡേറ്റ് ഇല്ല എന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത്. കാര്‍ത്തിക്കും അത് പോലെ തന്നെയായിരുന്നു. താനാണ് ഹീറോയിന് എന്ന് അറിഞ്ഞാല്‍ പടം കമ്മിറ്റ് ചെയ്യില്ല. ഹീറോയെ മാറ്റിക്കോളൂ എന്നു പറയുമായിരുന്നു.
പിന്നീടു കിഴക്ക് വാസല്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ മിണ്ടാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അതിനേക്കാള്‍ വലിയ അടിയായി. കിഴക്ക് വാസല്‍ ഷൂട്ടിംഗ് സമയത്ത്, തേനിയില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരാള്‍ വന്ന് എന്റെ അടുത്ത് മോശമായി പെരുമാറി. കാര്‍ത്തിക്ക് അയാളെ നന്നായി അടിച്ചു, അവസാനം പോലീസില്‍ പിടിച്ചുകൊടുത്തു. അതിനു ശേഷവും ചിരിച്ചാല്‍ തിരിച്ച് ഇങ്ങോട്ടു ചിരിക്കില്ല.
അങ്ങനെയാണ് കാര്‍ത്തിക്. അതു കഴിഞ്ഞു കുറേ കാലം കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ച് വിഗ്നേശ്വര്‍ എന്ന സിനിമ ചെയ്തു. എന്നാല്‍ ഇതൊക്കെ പറഞ്ഞു തീര്‍ക്കാമെന്നു വിചാരിച്ചാൽ എന്തിനാ അടി ഉണ്ടാക്കിയതെന്ന് ചോദിക്കുമ്പോള്‍ രണ്ടുപേര്‍ക്കും അറിയില്ല എന്ന അവസ്ഥയായിരുന്നു. കാര്‍ത്തിക്കുമായി എനിക്കിപ്പോൾ നല്ല സൗഹൃദമാണുള്ളത്.