തമിഴില്‍ മാത്രമല്ല അഭിനയിച്ച എല്ലാ ഭാഷാ സിനിമകളിലും ആരാധകരുള്ള താരമാണ് ഖുശ്ബു. തമിഴിന് പുറമെ തെലുങ്കിലും മലയാളത്തിലും കന്നഡയിലും ഹിന്ദിയിലും ഖുശ്ബു അഭിനയിച്ചു. സിനിമയ്ക്ക് പുറമെ സീരിയലുകളും ടെലിവിഷന്‍ ഷോകളും താരം ചെയ്തിട്ടുണ്ട്. നിലവില്‍ രാഷ്ട്രീയത്തില്‍ സജീവമായ ഖുശ്ബു ഏറെ ശ്രദ്ധയോടെയാണ് സിനിമകള്‍ തെരഞ്ഞെടുത്ത് അഭിനയിക്കുന്നത്. ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.
ഒന്നും രണ്ടുമല്ല, നീണ്ട 32 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഖുശ്ബു സുന്ദര്‍ ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നത്. 1992 ല്‍ പുറത്തെത്തിയ പ്രേം ദാന്‍ എന്ന ചിത്രമാണ് ഹിന്ദിയില്‍ താരത്തിന്റേതായി അവസാനം പുറത്തെത്തിയത്. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത് 1989 ല്‍ ആയിരുന്നു. അതായത് താരത്തെ സംബന്ധിച്ച് ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നത് 35 വര്‍ഷങ്ങള്‍ക്ക് ശേഷം. ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്ത ഗദര്‍ ഫ്രാഞ്ചൈസി അടക്കം സംവിധാനം ചെയ്ത അനില്‍ ശര്‍മയാണ് ഖുശ്ബു തിരിച്ചുവരുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. നാന പടേക്കറാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഹിന്ദി സിനിമയിലൂടെ ബാലതാരമായി 1980 ലാണ് ഖുശ്ബു സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബി ആര് ചോപ്ര നിര്‍മിച്ച് രവി ചോപ്ര സംവിധാനം ചെയ്ത ദി ബേണിംഗ് ട്രെയിന്‍ ആയിരുന്നു ആദ്യ ചിത്രം. ബാലതാരമായിത്തന്നെ ഹിന്ദിയില്‍ പത്തോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. തെലുങ്കിലാണ് ഖുശ്ബുവിന്റേതായി ഒരു ചിത്രം അവസാനമായി പ്രദര്‍ശനത്തിന് എത്തിയത്. ശ്രിവസിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ രാമബാണമായിരുന്നു ചിത്രം. ഗോപിചന്ദ്, ജഗപതി ബാബു, ഡിംപിള്‍ ഹയതി എന്നിവര്‍ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെയാണ് ഖുഷ്ബുവും അവതരിപ്പിച്ചത്.
സംവിധായകനൊപ്പമുളള ചിത്രം പങ്കിട്ടു ഖുശ്ബു സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. എട്ടാം വയസില്‍ ഹിന്ദി സിനിമയിലാണ് എന്റെ യാത്ര തുടങ്ങുന്നത്. 35 വര്‍ഷങ്ങള്‍ക്കു ശേഷം അനില്‍ ശര്മാജിയുടെ കൂടെ യാത്ര പുനഃരാരംഭിക്കുകയാണ്. ഇതൊരു ബഹുമതിയായി കണക്കാക്കുന്നു. എല്ലാവരോടും അനുഗ്രഹവും പിന്തുണയും ഇനിയും ഉണ്ടാകണം. എന്നാണ് ഖുശ്ബു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.