ചെന്നൈ: പാർട്ടി പരിപാടികളിൽ തന്നെ ഇപ്പോൾ ക്ഷണിക്കാറില്ലെന്നുള്ള നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറിന്റെ ഫോൺ സംഭാഷണം പുറത്ത്. തമിഴ് വാർത്താ ചാനലിലെ മാധ്യമപ്രവർത്തകനുമായുള്ള ഖുഷ്ബുവിന്റെ സംഭാഷണമാണു പുറത്തായത്.
ബിജെപിയുടെ പരിപാടികളിൽ കാണുന്നില്ലല്ലോയെന്നും എന്തുകൊണ്ടാണു വിട്ടുനിൽക്കുന്നതെന്നും മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, തന്നെ ക്ഷണിക്കാറില്ലെന്നും ചിലപ്പോൾ അവസാന നിമിഷമാണു പറയുകയെന്നുമായിരുന്നു ഖുഷ്ബുവിന്റെ മറുപടി.
അതേസമയം, സംഭാഷണം പുറത്തായതിനു പിന്നാലെ മാധ്യമ സ്ഥാപനത്തിനെതിരേ നിയമ നടപടിക്കൊരുങ്ങുകയാണു നടി. സംഭാഷണത്തിലെ ശബ്ദം തന്റേതുതന്നെയാണെന്നും എന്നാൽ അനുമതിയില്ലാതെയാണു റെക്കോർഡ് ചെയ്തതെന്നും ഖുഷ്ബു പറഞ്ഞു. ബിജെപിക്കു വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നും അവർ അറിയിച്ചു. കോൺഗ്രസ് വിട്ടാണു ഖുഷ്ബു ബിജെപിയിൽ ചേർന്നത്.