മാവേലിക്കര: അച്ഛനമ്മമാർക്കൊപ്പം ക്രിസ്മസ് അവധിയ്ക്ക് കുടുംബവീട്ടിലെത്തിയ പിഞ്ചുകുഞ്ഞ് വീട്ടുവളപ്പിലെ കുളത്തിൽ മുങ്ങിമരിച്ചു. കൊയ്പള്ളി കാരാണ്മ വടക്ക് ചെന്നല വീട്ടിൽ തിരുവനന്തപുരം ഐഎസ്ആർഒ ഉദ്യോഗസ്ഥൻ രാജേന്ദ്രപ്രസാദിന്റെയും തിരുവനന്തപുരം അഹല്യ ആശുപത്രി ജീവനക്കാരി രാജിയുടെയും ഇളയമകൻ പാർഥിവ് (കിച്ചു – ഒന്നര) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. മുറ്റത്ത് ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിയ്ക്കുകയായിരുന്ന പാർത്ഥിവ് കുളത്തിനു സമീപത്തേക്ക് പോകുന്നത് മറ്റുള്ളവരുടെ ശ്രദ്ധയിൽപെട്ടില്ല.
കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് കുളത്തിൽ മുങ്ങിയ നിലയിൽ കണ്ടത്. ഉടൻതന്നെ എടുത്ത് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അല്പസമയത്തിനകം മരിച്ചു. സഹോദരൻ: കാർത്തിക്. സംസ്കാരം നടത്തി.