മറയൂർ (ഇടുക്കി): ചന്ദന മോഷ്ടാക്കളുടെ പേടി സ്വപ്നമായിരുന്ന ട്രാക്കർ ഡോഗ് കിച്ചു വിടവാങ്ങി.
മറയൂർ ചന്ദനക്കാടുകളിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തുന്നവരെ പിടികൂടാൻ മറയൂർ ഫോറസ്റ്റ് റേഞ്ചിലുണ്ടായിരുന്ന കിച്ചു ഇന്നു രാവിലെ 9.35 നാണ് പ്രായാധിക്യം മൂലം ചത്തത്.
തൃശൂർ പോലീസ് അക്കാദമിയിൽ നിന്നും പ്രത്യേക പരിശീലനം നേടിയ കിച്ചു 2011 -ലാണ് മറയൂരിലെത്തുന്നത്.
പിന്നീട് ഒട്ടേറെ ചന്ദനമോഷണക്കേസുകൾക്ക് കിച്ചുവിന്റെ കഴിവിലൂടെ തുന്പുണ്ടാക്കാനായി. നാലു പ്രമാദമായ കേസുകളും ഇതിനിടെ തെളിയിച്ചു.
മറയൂർ കടുക്കാത്തറയിൽ ചന്ദനമോഷണവുമായി ബന്ധപ്പെട്ട് കിച്ചുവിന്റെ സഹായത്തോടെ 15 പ്രതികളെയാണ് വനംവകുപ്പ് പിടികൂടിയത്.
ലാബ്രഡോർ ഇനത്തിൽ പെട്ട കിച്ചുവിന് 12 വയസായിരുന്നു. നാച്ചിവയൽ ഫോറസ്റ്റ് ഫോറസ്റ്റ് ഓഫീസിലാണ് പാർപ്പിച്ചിരുന്നത്.
വെറ്ററിനറി ഡോക്ടറുടെ പരിശോധനയ്ക്കു ശേഷം ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
ഇനി ചന്ദന മോഷ്ടാക്കളെ പടികൂടാൻ പരിശീലനം സിദ്ധിച്ച നാലര വയസുകാരനായ ടെൽവിൻ മറയൂർ വനം അധികൃതർക്കൊപ്പമുണ്ട്.