തിരുവല്ല: അപ്പർകുട്ടനാട്ടിലെ ജലാശയങ്ങളിൽ കുളിക്കുന്നവർക്ക് ചൊറിച്ചിലും മത്സ്യങ്ങൾക്ക് രോഗബാധയും. അമിത കീടനാശിനി പ്രയോഗമെന്ന് സംശയം. നെൽകൃഷി സംരക്ഷിക്കാൻ കുട്ടനാട്ടിൽ കർഷകർ ഓരോ വർഷവും കുറഞ്ഞത് 500 ടണ്‍ കീടനാശിനി പ്രയോഗിക്കുന്നതായി കണക്കുകൾ.
50 ടണ്ണിന് മുകളിൽ കുമിൾനാശിനി വേറെയും. ഇത് കാർഷിക സർവകലാശാല ശിപാർശ ചെയ്തതിനെക്കാൾ വളരെ അധികമാണ്. 50 മുതൽ 75 ശതമാനംവരെ അധികം കീടനാശിനി കുട്ടനാട്ടിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് മുന്‍പ് നടന്ന പഠനത്തിൽ കണ്ടത്തെിയത്. ഉപയോഗിക്കുന്നതിൽ 50 ശതമാനം മരുന്നുകളും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതുമാണ്.
നിരോധിത മരുന്നുകൾ പല പേരുകളിലായി കുട്ടനാട്ടിൽ വിതരണം ചെയ്യുന്നതായ കണ്ടെത്തലുകൾക്ക് പിന്നാലെയാണ് പ്രദേശത്തെ വെള്ളം മലിനപ്പെടുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ വ്യാപകമായി മരുന്ന് ഉപയോഗിക്കുന്പോഴും അതിന്റെ അഞ്ച് ശതമാനം വരെ മാത്രമാണ് കീടങ്ങളിൽ എത്തുന്നതെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.
കുട്ടനാട്ടിലെ പല ഭാഗങ്ങളിൽ നിന്ന് കുടിവെള്ളം ശേഖരിക്കുന്നുണ്ട്. കടപ്രയിൽ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് ആലപ്പുഴ നഗരസഭയ്ക്കും ചുറ്റുമുള്ള എട്ട് പഞ്ചായത്തുകൾക്കും വിതരണം ചെയ്യുന്നത്.മണിമലയാറിൽ കറ്റോട് നിന്ന് ശേഖരിക്കുന്ന വെള്ളമാണ് തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യുന്നത്. കൃഷിയാരംഭിച്ചതോടെ കീടനാശിനിയും കുമിൾനാശിനിയും രാസവളങ്ങളും അടങ്ങിയ വെള്ളമാണ് പാടശേഖരങ്ങളിൽ നിന്ന് പുറംന്തള്ളുന്നത്.
ഈ വെള്ളമാണ് കുടിവെള്ളമായി വിതരണത്തിനെത്തുന്നതെന്നും ആക്ഷേപമുണ്ട്. കുടിവെള്ള ശുദ്ധീകരണ പ്രക്രിയയിൽ അണുനാശം മാത്രമാണ് നടക്കുന്നത്. ദോഷകരമായ രാസവസ്തുക്കൾ മാറ്റി ശുദ്ധീകരിക്കുന്ന സംവിധാനങ്ങൾ നിലവിൽ വന്നിട്ടുമില്ല. തോട്ടപ്പള്ളി സ്പിൽവേയും തണ്ണീർമുക്കം ബണ്ടും അടഞ്ഞുകിടക്കുന്നതിനാൽ വിഷലിപ്തമായ വെള്ളമാണ് കുട്ടനാട്ടിൽ ഇപ്പോൾ കെട്ടിക്കിടക്കുന്നത്.
കുട്ടനാട്ടിലെ കീടനാശിനി പ്രയോഗം തീർത്തും അശാസ്ത്രീയമാണെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. കെട്ടിനിൽക്കുന്ന വെള്ളത്തിൽകൂടി കീടനാശിനി കലർത്തുന്ന രീതിയിലാണ് വിഷപ്രയോഗം നടക്കുന്നത്. രാസവളം ഉപയോഗിക്കുന്ന കാര്യത്തിലും ഇതുതന്നെയാണ്സ്ഥിതി.
പാടശേഖരങ്ങളിൽ 15,000 ടണ്‍ രാസവളം ഓരോ വർഷവും ഉപയോഗിക്കുന്നതായും പറയുന്നു. കുട്ടനാട്ടിലെ ജലാശയങ്ങളിൽനിന്ന് ലഭിക്കുന്ന മത്സ്യങ്ങളിൽ അനുവദനീയമായതിന്റെ 10 ഇരട്ടി വിഷാംശമുള്ളതായാണ് പഠനങ്ങളിൽ കണ്ടത്തെിയത്. വർഷകാലത്ത് മാത്രമാണ് ഈ അവസ്ഥയ്ക്കു ചെറിയ മാറ്റമുണ്ടാകുന്നത്.
മിക്കവാറും പാടശേഖരങ്ങളിലും പുഞ്ചകൃഷി മാത്രം ഇറക്കുന്പോൾ മറ്റ് ചില പാടങ്ങളിൽ മാത്രമാണ് രണ്ടാം കൃഷി നടക്കുന്നത്. കൃഷി ചെലവ് വർധിച്ച് വലിയ നഷ്ടം നേരിടേണ്ടി വരുന്നതിനൊപ്പം കുട്ടനാട് പാക്കേജിൽ പ്രഖ്യാപിച്ച പുറംബണ്ട് സംരക്ഷണം നടക്കാതെ പോയതും ഇതിന് കാരണമാണ്. ബണ്ട് ബലപ്പെടുത്തുകാണെങ്കിൽ കീടനാശിനി കലർന്ന ജലം വേഗത്തിൽ ജലാശയങ്ങളിൽ എത്തില്ല.
കുട്ടനാട്ടിൽ കാർഷിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ കൃത്യമായി കൃഷി ഇറക്കിയാൽ കീടബാധയും മറ്റും മൂലമുണ്ടാകുന്ന നഷ്ടം വലിയതോതിൽ കുറയ്ക്കാനാകുമെന്നാണ് കർഷകരുടെ പക്ഷം. കീടനാശിനിയുടെയും രാസവളത്തിന്റെയും ഉപയോഗം ശാസ്ത്രീയമാക്കി കുറച്ചു കൊണ്ടുവന്നാൽ അതുവഴി ഉണ്ടാകുന്ന നഷ്ടവും കുറയ്ക്കാൻ കഴിയും.