ആലപ്പുഴ: കുട്ടനാട്ടിലെ കാൻസർ രോഗബാധിതരുടെ എണ്ണം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം. വെളിയനാട് ബ്ലോക്കിനു കീഴിലുള്ള ആറുപഞ്ചായത്തുകളിൽ മാത്രം 287 കാൻസർ രോഗികളാണുള്ളത്. 92,467 പേരാണ് വെളിയനാട്, കാവാലം, പുളിങ്കുന്ന്, നീലംപേരൂർ, മുട്ടാർ, രാമങ്കരി എന്നീ ആറുപഞ്ചായത്തുകളിലായുള്ളത്. ദേശീയതലത്തിൽ ഒരുലക്ഷത്തിൽ 120 കാൻസർ രോഗികൾ എന്നതാണ് ശരാശരി.
ഈ ആറുപഞ്ചായത്തുകളിലായി 111 പുരുഷരോഗികളും 176 സ്ത്രീ രോഗികളുമാണുള്ളതെന്ന് സെമിനാറിൽ വിഷയം അവതരിപ്പിച്ചു സംസാരിച്ച വെളിയനാട് ബ്ലോക്ക് കമ്യൂണിറ്റി സെന്റർ ചീഫ് മെഡിക്കൽ ഓപീസർ ഡോ. എസ്. അനിൽകുമാർ പറഞ്ഞു. വെളിയനാട്-41(15 പുരുഷൻമാർ, 26 സ്ത്രീകൾ), കാവാലം-40 (11,29), പുളിങ്കുന്ന് -73 (31,42), നീലംപേരൂർ -57 (26,34), മുട്ടാർ -36 (13-23), രാമങ്കരി -40 (18-22) എന്നിങ്ങനെയാണ് കണക്കുകൾ.
നിലവിൽ ചികിത്സ തേടിയിട്ടുള്ളവരുടെ കണക്കനുസരിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. കാൻസർ രോഗികളെ കണ്ടെത്താനായി ഇലക്ട്രോണിക് സർവേ അടക്കം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധജലം ലഭ്യമല്ലാത്തതും അമിത കീടനാശിനിപ്രയോഗങ്ങളും കുത്തഴിഞ്ഞ ജീവിത ശൈലിയുമടക്കം കാൻസർ രോഗബാധയ്ക്കു കാരണമാകുന്നുണ്ട്. ഒപ്പം മാനസിക പിരിമുറുക്കവും ഒരു പരിധിവരെ കാരണമാകുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.