മങ്കൊന്പ്: വെള്ളത്തിന്റെ അളവിൽ കാര്യമായ മാറ്റമില്ലാത്തതിനാലും റെഡ് അലർട്ട് അടക്കം വന്നുതുടങ്ങിയതിനാലും കൂടുതൽ പേർ കുട്ടനാട്ടിൽ നിന്നും പലായനം ചെയ്യാൻ തുടങ്ങി. കിഴക്കൻ വെള്ളത്തിന്റെ വരവും, മഴയും കുറഞ്ഞതോടെ കുട്ടനാട്ടിൽ രാവിലെ ജലനിരപ്പു താഴ്ന്നെങ്കിലും വൈകുന്നേരം വേലിയേറ്റമാരംഭിച്ചതോടെ ജലനിരപ്പു പഴയപടിായി.
ഇന്നു മുതൽ കൂടുതൽ വെള്ളമിറങ്ങിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇടയ്ക്കിടെ മഴ പെയ്യുന്നത് ഇതിനു തടസമാകുമോയെന്ന ആശങ്കയുമുണ്ട്. വെള്ളപ്പൊക്കം ഭയന്ന് ഇന്നലെയും കുട്ടനാട്ടിൽ നിന്നും ആളുകൾ മറ്റ് സ്ഥലങ്ങളിലേക്കു പലായനം ചെയ്തു.
ഗതാഗത സൗകര്യങ്ങളുടെ അസൗകര്യം മൂലമാണ് കൂടുതൽ ആളുകൾക്കു പോകുന്നതിനു തടസമാകുന്നത്. കരഗതാഗതം ഏറെക്കുറെ പൂർണമായും നിലച്ചതോടെ ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും യന്ത്രവത്കൃത വള്ളങ്ങളുമാണ് ആശ്രയം. എന്നാൽ സർക്കാർ ബോട്ടുകൾ പരിമിതമായതിനാൽ വളരെ കുറച്ചുമാത്രം ആളുകൾക്കേ ഇതിന്റെ പ്രയോജനം ലഭ്യമാകൂ.
ചങ്ങനാശേരി പ്രദേശത്തേക്കു പോകുന്നവർക്കാണ് ഏറ്റവും അധികം ബുദ്ധിമുട്ടുള്ളത്. കാവാലം സ്റ്റേഷന്റെ ഒന്നും, ചങ്ങനാശേരിയിൽ നിന്നും കിടങ്ങറയ്ക്ക ഓരോ ബോട്ടുകൾ വീതമാണ് സർവീസ് നടത്തുന്നത്. കിടങ്ങറയിലെത്തുന്ന ബോട്ടിലെ യാത്രക്കാർ അവിടെനിന്നും മറ്റൊരു ബോട്ടിൽ കയറി വെട്ടിത്തുരുത്ത് പള്ളിക്കു സമീപമിറക്കി വിടുകയാണ് ചെയ്യുന്നത്. പിന്നീട് ഇവിടെ നിന്നും രണ്ടു കിലോമീറ്ററിലധികം ദൂരം നടന്നുവേണം രോഗികളടക്കമുള്ള യാത്രക്കാർ ചങ്ങനാശേരി ബോട്ടുജെട്ടിയിലേക്കെത്താൻ.
കഐസ്ആർടിസിയാകട്ടെ സർവീസ് നടത്താവുന്ന റൂട്ടിൽ പോലും സേവനം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. കോട്ടയം-കൈനടി-കാവാലം റൂട്ടിൽ അല്പം പ്രദേശത്തു മാത്രം വെള്ളമുള്ളതിന്റെ പേരിൽ കാവാലം സർവീസ് കൈനടി വരെയാക്കി ചുരുക്കി. കൃഷ്ണപുരം വഴി കാവാലത്തിനുള്ള സർവീസുകൾ ചങ്ങനാശേരി ഡിപ്പോയും പാതിവഴിയിൽ വച്ചു മതിയാക്കിയിരിക്കുകയാണ്.
രോഗികളായവരെ ആശുപത്രിയിലെത്തിക്കുന്നതാണ് ഏറ്റവും ശ്രമകരമായ കാര്യം. നീലംപേരൂർ, കാവാലം, കണ്ണാടി, കായൽപ്പുറം, വടക്കൻ വെളിയനാട് പ്രദേശങ്ങളിലുള്ളവർക്ക ആകെയുള്ള ചികിൽസാ മാർഗം പുളിങ്കുന്ന താലൂക്കാശുപത്രിയാണ്. എന്നാൽ ഇവിടേയ്ക്കെത്താനുള്ള എല്ലാ റോഡുകളും വെള്ളക്കെട്ടുമൂലം ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. ഇവിടെയുള്ളവർക്ക് വള്ളങ്ങളിലും ഇവിടേയ്ക്കെത്തുക അസാധ്യമാണ്.
വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയതോടെ അവശ്യസാധനങ്ങളും ലഭ്യമല്ലാതെയായി. കിട്ടുന്ന കടകളിലെത്തി സാധനങ്ങൾ വാങ്ങുവാനും ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നു. റവന്യു വകുപ്പിന്റെ കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളിൽ ആവശ്യമായ സാധനങ്ങളും ഏറെ ബുദ്ധിമുട്ടിയാണ് ജനങ്ങൾ കൊണ്ടുവരുന്നത്. ആദ്യ ദിവസങ്ങളിൽ കുന്നുമ്മ വില്ലേജ് ഓഫീസ് പരിധിയിലുള്ള കേന്ദ്രങ്ങളിലെ ജനങ്ങൾ യന്ത്രവൽകൃത വള്ളങ്ങളിൽ ആലപ്പുഴയിൽ നിന്നുമാണ് സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്നത്.