ചങ്ങനാശേരി: ആലപ്പുഴ-ചങ്ങനാശേരി ദേശീയ ജലപാതയിലുള്ള കിടങ്ങറ കെസി പാലം പൊളിച്ച് ഉയരംകൂട്ടി നിർമിക്കുവാൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സംസ്ഥാന സർക്കാരിന് അനുമതി നൽകിയതായി കേന്ദ്ര ഷിപ്പിംഗ് വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി മൻസുഖ് മണ്ടാവ്യ അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
ലോക്സഭയുടെ ശീതകാല സമ്മേളനത്തിൽ ഈ പാലം പൊളിച്ചു പണിയാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യപ്പെട്ടുകൊണ്ട് ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എംപി സബ്മിഷൻ ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടിയിലാണ് പുനർനിർമാണത്തിന് അനുമതി നൽകിയ വിവരം കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
കെ സി പാലം നിർമിക്കാൻ 36.70കോടി രൂപയുടെ എസ്റ്റിമേറ്റ്
ചങ്ങനാശേരി: പാലം പൊളിച്ചു പണിയുന്നതിന് 36.70കോടി രൂപയുടെ എസ്റ്റിമേറ്റ് കേരള പിഡബ്യുഡി ബ്രിഡ്ജസ് ചീഫ് എൻജിനിയർ തയാറാക്കി ഇൻലാൻഡ് വാട്ടർവെയ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ട്.
എന്നാൽ ഇൻലാൻഡ് വാട്ടർവെയ്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് പാലം നിർമ്മാണത്തിനുള്ള ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാർ പ്രത്യേക ഫോറത്തിൽ അപേക്ഷിച്ചാൽ പാലം നിർമാണത്തിൽ നാവിഗേഷൻ ക്ലിയറൻസിന്റെ എൻഒസി നൽകാമെന്നും സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
പാലം പൊളിച്ചു പണിയുന്പോൾ ദേശീയ ജലപാതയിൽ ഇൻലാൻഡ് വാട്ടർവെയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കണമെന്നു നിർദേശമുണ്ട്.
ഇപ്രകാരം നിബന്ധനകൾ പാലിക്കുന്ന തരത്തിലുള്ള പദ്ധതി റിപ്പോർട്ട് സമർപ്പിച്ചാൽ കെസി പാലം പണിയാനുള്ള എൻഒസി ഇൻലാൻഡ് വാട്ടർവെയ്സ് അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്നത് പരിഗണിക്കുമെന്നും കേന്ദ്ര ഷിപ്പിംഗ് മന്ത്രി കൊടിക്കുന്നിൽ സുരേഷ് എംപിയെ അറിയിച്ചു.