കോട്ടയം: പ്രളയദിനത്തിൽ കലിതുള്ളിയെത്തിയ മീനച്ചിലാറിന്റെ തീരത്ത് പ്രകൃതി ഒരുക്കിയ മണൽതിട്ടയിൽ സഞ്ചാരികളുടെ തിരക്ക്. കിടങ്ങൂർ കാവാലിക്കടവിലാണ് ഇരുന്നൂറോളം മീറ്റർ നീളത്തിലും നൂറുമീറ്റർ വീതിയിലുമായി അരയേക്കറോളം ഭാഗത്ത് പഞ്ചസാര മണൽ അടിഞ്ഞു കൂടിയത്.
പ്രകൃതി സംരക്ഷകനും ഫോട്ടോഗ്രാഫറുമായ രമേഷ് കിടങ്ങൂരിന്റെ നേതൃത്വത്തിൽ ‘കടന്നിരിക്കാം നമുക്കീ കാവാലിപ്പുഴകടവിൽ’ എന്ന പദ്ധതിയിലൂടെ ഈ പഞ്ചസാര മണൽതിട്ട ഇന്ന് ഒരു മിനി ബീച്ചായി മാറിയിരിക്കുകയാണ്. ഇതര ജില്ലകളിൽനിന്ന് പോലും കുടുംബസമേതമാണ് ആളുകൾ ഇവിടെ സായാഹ്നം ചെലവഴിക്കാനെത്തുന്നത്.
പ്രളയത്തിൽ മീനച്ചിലാർ കരകവിഞ്ഞപ്പോഴാണ് ഒഴുകിയെത്തിയ പഞ്ചസാര മണൽതിട്ട രമേശ് കിടങ്ങൂരിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് മാലിന്യവും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടിയ പ്രദേശം വൃത്തിയാക്കാൻ എത്തണമെന്ന രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട് നൂറുകണക്കിനാളുകളാണ് കാവാലിക്കടവിലെത്തിയത്. മണൽതിട്ടയിലെ മാലിന്യങ്ങൾ വൃത്തിയാക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മുളകൊണ്ടും തടികൊണ്ടും ഇരിപ്പിടങ്ങൾ ഉണ്ടാക്കി. മണൽതിട്ടയോടു ചേർന്നുള്ള മരത്തിൽ ഇപ്പോൾ ആറ് ഉൗഞ്ഞാലുകൾ ഉണ്ട്. ഈ ഉൗഞ്ഞാലിൽ കുട്ടികളും മുതിർന്നവരും ആടി രസിക്കുകയാണ്. ചായയും കാപ്പിയും ലഭിക്കുന്ന ചെറിയ ഒരു കടയും അടുത്ത നാളിൽ തുടങ്ങിയിട്ടുണ്ട്.
കാവാലിക്കടവിലെ കടത്തുവള്ളത്തിൽ കയറാനും അവസരമുണ്ട്. മണൽതിട്ടയോടു ചേർന്നു മീനച്ചിലാറ്റിൽ 20മീറ്റർ നീളത്തിൽ വെള്ളം കുറവാണ്. ഇവിടെ കുളിക്കാനും അവസരമുണ്ട്. മിനി ബീച്ച് സന്ദർശിച്ച് മോൻസ് ജോസഫ് എംഎൽഎ തൂക്കുപാലം നിർമിക്കാമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്. പ്രളയത്തെ തുടർന്ന് പുനർ നിർമാണം നടത്തിയ സ്ഥലങ്ങൾ സന്ദർശിക്കുന്ന യുഎൻ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം കടവും മണൽതിട്ടയും സന്ദർശിച്ചിരുന്നു.
പഞ്ചായത്തിന്റെയും പോലീസിന്റെയും ജനകീയ പ്രസ്ഥാനങ്ങളുടെയും പിന്തുണ മിനി ബീച്ചിനും തുടർ പ്രവർത്തനത്തിനുമുണ്ട്. കിടങ്ങൂർ-പാലാ റോഡിൽ കിടങ്ങൂർ ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ വലത്തോട്ട് തിരിഞ്ഞാൽ കാവാലിക്കടവിലെത്താം. കിടങ്ങൂർ അന്പലത്തിനു സമീപത്തു നിന്നും ചെന്പിളാവ് റൂട്ടിൽ ഉത്തമേശ്വരം അന്പലം കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞാലും കടവിലെത്താം.