കോട്ടയം: അറുപതിലും ഡബിൾ സ്ട്രോംഗായി നിൽക്കുന്ന കിടങ്ങൂർ പാലത്തിനു ഇനി പുതുമോടി. പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗം അധികൃതർ ഇന്നലെ പാലത്തിനു പെയിന്റടിച്ചു.
പൊതുമരാമത്ത് വകുപ്പ് പാലങ്ങൾക്കു നൽകുന്ന പുതിയ കളർകോടായ മഞ്ഞയും കറുപ്പുമാണ് അടിച്ചിരിക്കുന്നത്. മുന്പ് നീലയും വെള്ളയുമായിരുന്നു പാലങ്ങൾക്ക് നൽകിയിരുന്ന നിറം.
പുതിയ കളർ കോഡ് യാത്രക്കാരുടെ കാഴ്ച മറയ്ക്കുമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പാലത്തിന്റെ കൈവരികാണാൻ വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും വെള്ളയും നീലയും കളർ നൽകണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
ഒപ്പം പാലത്തിന്റെ ഇരുവശങ്ങളിലും നടപ്പാതകൾ നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.കിടങ്ങൂർ-അയർക്കുന്നം റോഡിൽ മീനച്ചിലാറിനു കുറുകെയുള്ള പാലത്തിന്റെ 60-ാം പിറന്നാളിന്റെ ഭാഗമായിട്ടാണ് പരിസ്ഥിതി സാമൂഹ്യപ്രവർത്തകനും ഫോട്ടോഗ്രാഫറുമായ രമേശ് കിടങ്ങൂരിന്റെ നേതൃത്വത്തിൽ നാട്ടുകാർ പാലത്തിലേക്ക് കയറിക്കിടന്ന കാട്ടുവള്ളികളും പുല്ലും വെട്ടിനീക്കിയത്.
പിന്നാലെ കൈവരിയാകെ കഴുകി വൃത്തിയാക്കുകയും ചെയ്തിരുന്നു. 293 അടി നീളവും 22 അടി വീതിയുമുള്ള പാലത്തിന്റെ നിർമാണത്തിന് 4.57 ലക്ഷം രൂപയാണു ചെലവായത്.
1961 ഡിസംബർ 19ന് അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയാണ് പാലം ഗതാഗതത്തിനു തുറന്നു കൊടുത്തത്. പാലത്തിൽ സ്ട്രീറ്റ് ലൈറ്റുൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.