കിടങ്ങൂർ: വഴിയിൽ കിടക്കുന്ന വണ്ടികളെല്ലാം ഓരോ കേസിൽപ്പെട്ടതാ. കേസ് തീരാതെ അതൊന്നും മാറ്റാനാവില്ല. ഒടുവിൽ പിടികൂടിയ ടിപ്പറിലുണ്ടായിരുന്ന കല്ലും മണ്ണും കൂടി വഴിയരികിലേക്ക് ഇറക്കിയതോടെ ഗതാഗത തടസം രൂക്ഷമായി. കിടങ്ങൂർ പോലീസ് സ്റ്റേഷന് മുന്പിലെ റോഡിലാണ് ഗതാഗത തടസം സൃഷ്ടിക്കുന്ന രീതിയിൽ പോലീസ് പിടിച്ച വാഹനങ്ങളും മറ്റും കിടക്കുന്നത്.
വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടിച്ചെടുത്ത വലുതും ചെറുതുമായ വാഹനങ്ങൾ സ്റ്റേഷൻ പരിസരത്തും വഴിയരികിലുമായാണ് സൂക്ഷിച്ചിട്ടുള്ളത്. ബസുകളും ടോറസ് ലോറികളുമടക്കമുള്ള വലിയ വാഹനങ്ങൾ ഇവിടെ വഴിയരികിൽ സൂക്ഷിച്ചിരിക്കുന്നത് പതിവ് കാഴ്ചയാണ്. കൂടാതെ കഴിഞ്ഞ 20ന് പിടിച്ചെടുത്ത ടിപ്പർ ലോറികൾ ഉടമകൾക്ക് വിട്ടു നൽകുന്നതിനുള്ള ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ലോറികളിലുണ്ടായിരുന്ന കരിങ്കല്ലും മണ്ണും ലേലം ചെയ്യുന്നതിലേക്കായി പോലീസ് സ്റ്റേഷന് മുൻവശത്തുള്ള റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നതും ഗതാഗത തടസത്തിന് കാരണമാകുന്നുണ്ട്.
സമീപത്തുള്ള ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളടക്കമുള്ള വഴിയാത്രക്കാർ ഇതുമൂലം ബുദ്ധിമുട്ടിലാണ്. വഴിയരികിലും നടപ്പാതയിലുമായി സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളും കല്ലും മണ്ണും ഉടൻ നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതേ സമയം കേസ് തീരാതെ വാഹനം ലേലം ചെയ്യാനാകില്ലെന്ന് പോലീസ് പറയുന്നു. മറ്റുനിർവാഹമില്ലാത്തതിനാലാണ് വാഹനങ്ങൾ വഴിയിൽ പിടിച്ചിടുന്നത്.