മാന്നാർ: യുവതിയെ തട്ടികൊണ്ടു പോയ കേസിലെ പ്രതികളിൽ പ്രധാനി അറസ്റ്റിലായതോടെ മറ്റ് പ്രതികളെ കുറിച്ചു പോലീസിന് സുപ്രധാന വിവരങ്ങൾ ലഭിച്ചതായി സൂചന. പ്രതികളിൽ പ്രധാനി മാന്നാർ പുത്തൻപുരയിൽ ഷംസി (42)നെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുവാനും തെളിവെടുപ്പിനുമായി ഇയാളെയും കസ്റ്റഡിയിൽ വാങ്ങും. യുവതിയെ തട്ടികൊണ്ടു പോകുവാൻ പ്രാദേശികമായി ക്വട്ടേഷൻ ലഭിച്ചത് ഷംസിനാണ്.
അതിനാൽ തന്നെ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാവുന്നതും ഇയാൾക്കാണെന്നും ചോലീസ് പറഞ്ഞു.ഷംസാണ് മറ്റ് പ്രതികളെ ഏർപ്പാട് ചെയ്തത്. ഇതോടെ ഈ സംഭവുമായി ബന്ധപ്പെട്ട് മൊത്തം ഏഴ് പേർ അറസ്റ്റിലായി.നേരത്തെ അറസ്റ്റിലായവരെ പോലീസ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
യുവതിയെ തട്ടികൊണ്ടു പോകുവാൻ പ്രതികൾ എത്തിയ രണ്ട് വാഹനം കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു.ഇതോടെ സംഭവുമായി ബന്ധപ്പെട്ട് മൂന്ന് വാഹനങ്ങളാണ് കസ്റ്റഡിയിൽ എടുത്തത്: ഇനി രണ്ട് വാഹനങ്ങൾ കൂടി കണ്ടത്തുവാനുണ്ടെന്ന് പോലീസ് പറഞ്ഞു.
ആഡംബര വാഹനത്തിലെ രഹസ്യം
കായകുളം പത്തിയൂർ സ്വദേശി അനസിന്റെ ആഡംബര വാഹനമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അനസ് നിരവധി തവണ മാന്നാറിൽ എത്തിയത് ഈ വാഹനത്തിലാണ്. അനസിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
മാന്നാറിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി പോലീസ് തെളിവെടുപ്പാരംഭിച്ചു.സംഘാഗങ്ങൾ പമ്പയാറ്റിലേയ്ക്ക് എറിഞ്ഞു കളഞ്ഞ മാരകായുധങ്ങൾ ആലപ്പുഴയിൽ നിന്നെത്തിയ ഫയർ ആൻ്റ് റെസ്ക്യു സ്കൂബാ ടീം പമ്പാനദിയിൽ നിന്നുമാണ് കണ്ടെത്തിയത്.
പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളത്തിനടിയിൽ തെരച്ചിൽ നടത്തിയത്. ചെളി നിറഞ്ഞ പമ്പയാറ്റിൽ മണിക്കൂറുകൾ നീണ്ട തെരച്ചിലിനെ തുടർന്നാണ് രണ്ട് വാളുകളും ഒരു ഇരുമ്പ് പട്ടയും കണ്ടെത്തിയത്. പ്രധാന പ്രതി ഷംസിലൂടെ സ്വർണക്കടത്ത് സംഘത്തെ കുറിച്ച് കൂടുതൽ അറിയുവാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.