പെരിന്തൽമണ്ണ: കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തെന്നാരോപിച്ച് തുവ്വൂരിൽ നിന്ന് രണ്ടു യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. താമരശേരി പരപ്പൻപൊയിൽ സ്വദേശികളായ പറന്പിൽതൊടിക മുഹമ്മദ് ഷെഫീഖ് എന്ന കുട്ടാവ (25), ആശാരിക്കണ്ടി വീട്ടിൽ നിസാർ (32) എന്നിവരെയാണ് പെരിന്തൽമണ്ണ ഡിവൈഎസ്പി കെ.എ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മേയ് 29ന് രാത്രിയാണ് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് തുവ്വൂരിൽ വച്ച് കണ്ണൂർ കൂത്തുപറന്പ് സ്വദേശികളായ രണ്ടു യുവാക്കളെ അവരുടെ കാറിൽ ജീപ്പുകൊണ്ടിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 15 പേർ മൂന്നു കാറുകളിലായി എത്തി പിടിച്ചുകൊണ്ടുപോയത്. തുടർന്നു അരീക്കോട് ആളൊഴിഞ്ഞ ഭാഗത്ത് ഒരു വീട്ടിൽ കൊണ്ടുപോയി കെട്ടിയിട്ട് മർദിക്കുകയും പുറത്ത് ഇസ്തിരിപ്പെട്ടി കൊണ്ടു പൊള്ളിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത് മംഗലാപുരം ഭാഗത്തുള്ള സംഘത്തിനു കൈമാറുകയായിരുന്നു.
പോലീസ് പിന്തുടരുന്നുണ്ടെന്നു മനസിലാക്കിയ സംഘം യുവാക്കളെ മംഗലാപുരം-കാസർഗോഡ് അതിർത്തിയിൽ ഒഴിവാക്കി രക്ഷപ്പെടുകയായിരുന്നു. ഈ കേസിൽ ഇതോടെ 11 പേർ അറസ്റ്റിലായി. സംഭവശേഷം ഒളിവിൽ പോയ ഷെഫീഖിനെയും നിസാറിനെയും പിടികൂടാനായി അന്വേഷണം ഉൗർജിതമാക്കിയിരുന്നു.
ബാക്കിയുള്ള പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ഡിവൈഎസ്പി കെ.എ.സുരേഷ്ബാബു അറിയിച്ചു. പെരിന്തൽമണ്ണ ഡിവൈഎസ്പി കെ.എ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിലെ സി.പി.മുരളി, ടി.ശ്രീകുമാർ, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ്കുമാർ, എഎസ്ഐ സതീഷ്കുമാർ, നാരായണൻകുട്ടി, ശശികുമാർ, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് കേസിൽ തുടരന്വേഷണം നടത്തുന്നത്. പ്രതികളെ മഞ്ചേരി ജഐഫ്സി കോടതിയിൽ ഹാജരാക്കും.