കൊല്ലം : കിടപ്പുരോഗികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്, വീല്‍ചെയറും വാട്ടര്‍ ബഡ്ഡുമായി എത്തുന്ന സാന്ത്വനം വോളന്റിയര്‍മാര്‍ക്കായി. കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സാന്ത്വന പരിചരണ പദ്ധതിയാണ് കിടപ്പു രോഗികളുടെ സ്നേഹ സാന്ത്വനമാകുന്നത്.
കിഴക്കേക്കല്ലട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പരിശീലനം നേടിയ വോളന്റിയര്‍മാര്‍, ഡോക്ടര്‍, നഴ്സ് എന്നിവരും സേവനസന്നദ്ധരായുണ്ട്. ഗ്രാമപഞ്ചായത്തിലെ രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ച് പ്രാഥമികമായ ലിസ്റ്റ് തയ്യാറാക്കും. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ പൂര്‍ണമായും കിടപ്പിലായവരുടെ വീട്ടിലെത്തി പരിചരണം നല്‍കും.
ആവശ്യമായ മരുന്നുകളും നല്‍കും. 2013 ല്‍ ആണ് പദ്ധതി ആരംഭിക്കുന്നത്. രോഗികളെ നോക്കുന്നവര്‍ക്ക് ആവശ്യമായ ബോധവത്കരണ ക്ലാസുകള്‍, സാന്ത്വന പരിചരണ പരിശീലനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. സാന്ത്വന പരിചരണ വിഭാഗങ്ങള്‍ക്ക് മാത്രമായി എല്ലാ ബുധനാഴ്ചയും പ്രത്യേക ഒ പിയും നടത്തിവരുന്നു.
കാന്‍സര്‍, ഡയാലിസിസ് രോഗികള്‍ തുടങ്ങി ഏറെ കഷ്ടപ്പെടുന്നവര്‍ പോലും സാന്ത്വന പരിചരണ പട്ടികയിലുണ്ട്. നിലവില്‍ 152 പേരാണ് സാന്ത്വന പരിചരണത്തിന്റെ ഗുണഭോക്താക്കള്‍ ആയിട്ടുള്ളത്.
ഏറെ പേര്‍ക്ക് സഹായകരമായ ഈ പദ്ധതിക്കായി എട്ടു ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യമുന ഷാഹി പറഞ്ഞു.
ശ്രദ്ധാപൂര്‍വമുള്ള പരിചരണവും സ്നേഹവുമാണ് രോഗികള്‍ ആഗ്രഹിക്കുന്നത് അത് ഉറപ്പു വരുത്താന്‍ വോളന്റിയര്‍മാര്‍ക്ക് വിദഗ്ധരുടെ പരിശീലനവും നല്കുന്നു. കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പ്രത്യേക വാഹന സൗകര്യവും പദ്ധതിക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അത്യാവശ്യഘട്ടങ്ങളില്‍ ഫോണ്‍ മുഖേന ബന്ധപ്പെട്ടാല്‍ ഉടന്‍തന്നെ വോളന്റിയര്‍മാര്‍ വീട്ടിലെത്തും. ബന്ധുമിത്രാദികള്‍ ഉപേക്ഷിച്ച് പരിചരിക്കാന്‍ ആളില്ലാതെ നിസഹായരായ രോഗികളെയും സാന്ത്വനപരിചരണം അംഗങ്ങള്‍ ശുശ്രൂഷിക്കുന്നുണ്ട്.
രോഗികളില്‍ നിന്നും വീട്ടുകാരില്‍ നിന്നും നല്ല രീതിയിലുള്ള സഹകരണമാണ് ലഭിക്കുന്നതെന്ന് പാലിയേറ്റീവ് നഴ്സായ ആശ പറഞ്ഞു. ചിറ്റുമല ബ്ലോക്കിലെ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പദ്ധതിയുടെ സേവനം ഇതിനോടകം വ്യാപിച്ചിട്ടുണ്ട്.
ഡോക്ടര്‍ പ്രഭു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ തുടങ്ങിയവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.