കോഴിക്കോട് : കായികമേഖലയുടെ അടിസ്ഥാന വികസനത്തിന് വേഗം പകരാനുള്ള ദൗത്യവുമായി കായികപ്രതിഭകളുടെ നേതൃത്വത്തിൽ കിഡ്കോ സഹകരണ സൊസൈറ്റി നിലവിൽവന്നു . സംസ്ഥാനത്ത് ആദ്യമായാണ് കായികമേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമാവും വിധത്തിലുള്ള സൊസൈറ്റി പ്രവര്‍ത്തനമാരംഭിക്കുന്നത്.
പരമാവധി ചെലവ് ചുരുക്കിയും സാങ്കേതികമായി മികവാര്‍ന്ന രീതിയിലും കായിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുക, കായിക ഉപകരണങ്ങൾ വളരെ മിതമായ നിരക്കിൽ വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് കോഴിക്കോട് സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ആന്‍ഡ് സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കിഡ്കോ)യ്ക്ക് രൂപം നല്‍കിയത്. സ്വിമ്മിംഗ്പൂള്‍, ഫുട്ബോള്‍ സ്റ്റേഡിയം, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ഇന്ഡോര്കോര്ട്ട് , ഔട്ട്ഡോർ -ഇൻഡോർ ജിംനേഷ്യം എന്നിവയുടെ നിര്‍മാണത്തിന് മുന്‍ഗണന നല്‍കികൊണ്ടാണ് കിഡ്കോ രൂപീകരിച്ചത്.
പലപ്പോഴും ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഭീമമായ തുകയാണ് നല്‍കേണ്ടി വരുന്നത്. ഈ സാഹചര്യത്തിലാണ് സഹകരണ പ്രസ്ഥാനമെന്ന നിലയില്‍ കായികമേഖലയ്ക്ക് പുത്തനുണര്‍വേകാന്‍ കിഡ്കോ എത്തുന്നത്. സ്കൂളുകള്‍ , കോളജുകള്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി സർവരംഗത്തും കായികമേഖലയുമായി ബന്ധപ്പെട്ടുള്ള നിര്‍മിതിക്ക് കിഡ്കോ സഹായകമാവും. സ്വകാര്യ ഏജൻസികളെ അപേക്ഷിച്ച് നിർമാണ ചെലവിന്റെ മൂന്നിലൊന്ന് കുറയ്ക്കാനാകുമെന്ന് സംഘാടകർ പറഞ്ഞു.
അത്യാധുനിക സാങ്കേതിക വിദ്യകളോടു കൂടിയാണ് കിഡ്കോയുടെ നിര്‍മാണ രീതി. എന്‍ഐടിയില്‍ നിന്നുള്ള വിദഗ്ധരും ഡോക്ടര്‍മാരും മറ്റും ഉള്‍പ്പെടുന്ന സംഘം വിശദമായ റിപ്പോര്‍ട്ട് തയാറാക്കി ഓരോ കായിക ഇനത്തിനും ആവശ്യമായ സൗകര്യങ്ങളോടു കൂടിയുള്ള കളിസ്ഥലങ്ങളും വ്യായാമ സ്ഥലങ്ങളുമാണ് ഒരുക്കുന്നത്.
50 x 25 മീറ്റര്‍ , 25 x12.5 മീറ്റര്‍ , 15 x 9 മീറ്റര്‍ , 9 x 5 മീറ്റര്‍ എന്നീ വലിപ്പമുള്ള സ്വിമ്മിംഗ് പൂളുകള്‍ ഏറ്റവും ആധുനിക സംവിധാനത്തോടുകൂടി നിര്‍മിച്ചു നല്‍കും. കൂടാതെ ബാസ്കറ്റ് ബോള്‍ കോര്‍ട്ട് നിലവില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് പ്രതലത്തില്‍ നിന്ന് വ്യത്യസ്തമായി കളിക്കാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്തരാഷ്ട്ര നിലവാരത്തോടെയാണ് കിഡ്കോ നിര്‍മിക്കുക.
വർഷങ്ങളോളം കോഴിക്കോട് ജില്ലാ സ്പോട്സ് കൗൺസിലിന്റെ അമരക്കാരനായിരുന്ന മുൻ സംസ്ഥാന ടേബിൾ ടെന്നീസ് താരം കെ.ജെ.മത്തായി പ്രസിഡന്റായ കിഡ്കോ ഡയറക്ടർ ബോർഡിൽ മുൻ സംസ്ഥാന സ്പോട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ, പ്രമുഖ കായിക സംഘാടകർ, മുൻ കായികതാരങ്ങൾ, കായിക അധ്യാപകർ, കായിക അസോസിയേഷൻ ഭാരവാഹികൾ എന്നിവർ അംഗങ്ങളാണ്.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തനം തുടങ്ങിയ കിഡ്കോയുടെ ഔദ്യോഗിക ഉദ്ഘാടനം അടുത്തദിവസം നടക്കും. സൊസൈറ്റി രൂപീകരിച്ചപ്പോൾതന്നെ ഒരുകോടിയിലധികം രൂപയുടെ നിർമാണപ്രവൃത്തികൾക്ക് ഓർഡർ ലഭിച്ചുകഴിഞ്ഞു.
എംപി ഫണ്ട്, എംഎൽഎ ഫണ്ട്, സ്പോട്സ് കൗൺസിൽ ഫണ്ട്, മറ്റ് സർക്കാർ ഫണ്ടുകൾ എന്നിവ വഴിയുള്ള കായിക നിർമാണപ്രവൃത്തികൾ , വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കായികപ്രവൃത്തികൾ എന്നിവ പരമാവധി കുറഞ്ഞനിരക്കിൽ അന്താരാഷ്ട്ര നിലവാരത്തോടെ പൂർത്തിയാക്കാനാവുമെന്ന് പ്രസിഡന്റ് അറിയിച്ചു.
www.kidcokozhikode.com എന്ന വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു.ഫോൺ- 9400055688.