പെൻസിൽ മോഷണവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകാനെത്തിയ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ വീഡിയോ വൈറലാകുന്നു.
ഹന്‍മന്തു എന്ന് പേരുള്ള ബാലന് പോലീസിനെ സമീപിച്ചത്. കുര്‍ണൂല്‍ ജില്ലയിലെ പെദ്ദകടബുര് സ്വദേശിയായ ഹന്‍മന്തു ഒരു സ്വകാര്യ സ്കൂളിലാണ് പഠിക്കുന്നത്.
തന്റെ വീടിനടുത്ത് താമസിക്കുന്ന ഹന്‍മന്തു എന്ന് തന്നെ പേരുള്ള മറ്റൊരു കുട്ടി ദിവസവും തന്റെ പെന്‍സില്‍ മോഷ്ടിക്കുമെന്നും ചിലപ്പോഴൊക്കെ പണവും മോഷ്ടിക്കാറുണ്ടെന്നുമായിരുന്നു ഹന്‍മന്തുവിന്റെ പരാതി.
കൂട്ടുകാരും ഒപ്പം ഹൻമന്തുവുമായാണ് മൂന്നാം ക്ലാസുകാരന് പോലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. തനിക്ക് നീതി ലഭ്യമാക്കണമെന്നും അവന് പോലീസുകാരോട് ആവശ്യപ്പെട്ടു.
ഒടുവില്‍ രംഗം ശാന്തമാക്കിയ പോലീസുകാര്‍ രണ്ട് കുട്ടികളോടും നന്നായി പഠിക്കാന്‍ ഉപദേശിക്കുകയും ഇരുവരും തമ്മില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ സംഭവം നടന്നത്. . ഈ വിദ്യാര്‍ത്ഥികള്‍ വെള്ളം കുടിക്കാനായി പോലീസ് സ്റ്റേഷനില്‍ പോകാറുണ്ട്. അതിനാല്‍ പോലീസുകാരും വിദ്യാര്‍ത്ഥികളും തമ്മില്‍ നല്ല ബന്ധമാണ്.
‘സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായും സൗഹാര്‍ദ്ദപരമായി ഇടപഴകുകയും സേവിക്കുകയും ചെയ്യുന്ന പോലീസില്‍ അവര്‍ക്കുള്ള വിശ്വാസമാണ് ഈ വീഡിയോയില്‍ പ്രകടമാകുന്നത്.
കൂടുതല്‍ ഉത്തരവാദിത്തത്തോടെയും സുതാര്യതയോടെയും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഇത്തരം അനുഭവ സാക്ഷ്യങ്ങള്‍ പോലീസിനെ പ്രചോദിപ്പിക്കുന്നു’, ആന്ധ്രാപ്രദേശ് പോലീസ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.