പാലക്കാട്: പല തവണ സ്വർണം കടത്തിയെന്ന് മന്നാറിൽനിന്നും തട്ടിക്കൊണ്ടുപോയ യുവതി.
ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്. സ്വർണം വഴിയിൽ ഉപേക്ഷിച്ചെന്നും യുവതി പോലീസിന് മൊഴി നൽകി.
എട്ട് മാസത്തിനിടെ മൂന്ന് തവണ സ്വർണം കടത്തിയെന്നും യുവതി പറഞ്ഞു. അതേസമയം തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞെന്ന് പോലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകലിന് പ്രാദേശിക സഹായം കിട്ടിയെന്നും പോലീസ് അറിയിച്ചു.
മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെയാണ് അജ്ഞാത സംഘം പിടിച്ചുകൊണ്ടുപോയത്.
പാലക്കാട് ജില്ലയിലെ വടക്കുംചേരിയിൽ നിന്നും ഇന്നാണ് യുവതിയെ കണ്ടെത്തിയത്.
തട്ടിക്കൊണ്ടുപോയ സംഘം തന്നെ ദേശീയപാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ബിന്ദു പോലീസിന് നൽകിയിരിക്കുന്ന വിവരം.
യുവതി നാല് ദിവസം മുൻപാണ് ഗൾഫിൽ നിന്നും എത്തിയത്. ക്വാറന്റൈനിൽ കഴിയുന്നതിനിടയിലായിരുന്നു തട്ടിക്കൊണ്ടുപോകൽ.
പുലർച്ചെ രണ്ടോടെ വീടിന്റെ ഗേറ്റ് തകർക്കുന്ന ശബ്ദം കേട്ടം വാതിൽ തുറന്നപ്പോൾ 20 ഓളം വരുന്ന സംഘം വീടിനുള്ളിൽ കടന്ന് യുവതിയെ പിടിച്ചുകൊണ്ടുപോയെന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയിരുന്ന മൊഴി.
ദുബായിയിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന യുവതി വീട്ടിൽ എത്തിയതിന്റെ തൊട്ടടുത്ത ദിവസം മലപ്പുറം കൊടുവള്ളി സ്വദേശികളാണെന്നു പരിചയപ്പെടുത്തി മൂന്നു പേർ വന്നിരുന്നു.
ബിന്ദുവിനെ കണ്ട ഇവർ ഗൾഫിൽനിന്നു കൊടുത്തു വിട്ട സ്വർണത്തെക്കുറിച്ചു ചോദിച്ചു.
എന്നാൽ, ആരും സ്വർണം തന്നുവിട്ടിട്ടില്ലെന്നു യുവതി പറഞ്ഞതിനെത്തുടർന്ന് ആൾ മാറിപോയതാണെന്നു പറഞ്ഞു മൂവർ സംഘം തിരികെ പോവുകയും ചെയ്തു.
ഇതിനു ശേഷമാണ് ഇന്നു പുലർച്ചെ വീട് ആക്രമിച്ചു യുവതിയെ തട്ടികൊണ്ടുപോയത്.