ചൂണ്ടയിടുക എന്നത് ചിലർക്ക് വിനോദമാണ്. ചൂണ്ടയിൽ മീൻ കൊത്തുക എന്നത് ശ്രമകരമാണ്. ചിലപ്പോൾ മണിക്കൂറുകൾ ചെലവഴിച്ചാൽ മാത്രമേ ഒരു മീൻ എങ്കിലും കിട്ടുകയുള്ളൂ.
അങ്ങനെ കിട്ടിയ മീൻ വഴിയെ പോയവർ തട്ടിക്കൊണ്ടുപോയാലോ? അതും വലിയ മീനാണെങ്കിലോ? എപ്പോൾ അടിയുണ്ടായെന്ന് ചോദിച്ചാൽ മതി.
പക്ഷെ ഇങ്ങനെ തട്ടിക്കൊണ്ടു പോയത് തങ്ങളെക്കാൾ വലിയ ശക്തിശാലിയാണെങ്കിലോ? മിണ്ടാതെ കണ്ടുകൊണ്ടു നിൽക്കേണ്ടി വരും.
അത്തരമൊരു അവസ്ഥയിലാണ് ജിയോഫ് ട്രട്വിൻ, നാറ്റ് ബാൺസ് എന്നീ സുഹൃത്തുക്കൾ. പടിഞ്ഞാറൻ ഓസ്ട്രേലിയയിലാണ് സംഭവം.
ചൂണ്ടയിടവെ ഇവരുടെ ചൂണ്ടയിൽ സ്രാവ് കുരുങ്ങുകയായിരുന്നു. അതിനെ ബോട്ടിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടിരിക്കെയാണ് നമ്മുടെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്.
ഏകദേശം രണ്ടര മീറ്റർ നീളമുള്ള ഒരു മുതല! മുതല ചൂണ്ടയിൽ കുരുങ്ങിയ സ്രാവിനെ കടിച്ചെടുത്തു.
ഇരുവരും ചേർന്ന് സ്രാവിനെ ബോട്ടിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ സ്രാവിനേയും വായിലൊതുക്കി മുതല വെള്ളത്തിനടിയിലേക്ക് പോയി. മണ്ണും ചാരി നിന്നവൻ പെണ്ണുമായി പോയി എന്നു പറയുന്നതുപോലെ.
ചൂണ്ടയിൽ കുരുങ്ങിയ സ്രാവിനെ മുതല തട്ടിയെടുക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.